ലിസ് ട്രസ് രാജിവച്ചതോടെ ആരാകും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ? ഇന്ത്യൻ വംശജൻ റിഷി സുനകിന് സാധ്യതയേറുന്നതായും റിപ്പോര്‍ട്ടുണ്ട്.
മുൻ മന്ത്രി പെന്നി മോഡന്റ് റിഷി സുനകിന് എതിരാളിയായേക്കും. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും മത്സരത്തിനിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. പുതിയ പ്രധാനമന്ത്രി അടുത്ത വെള്ളിയാഴ്ച്ച അധികാരമേൽക്കും എന്നാണ് റിപ്പോർട്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസ് രാജിവെച്ചതോടെ ആരാവും അടുത്ത പ്രധാനമന്ത്രി എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഏറെയാണ്. ലിസ് ട്രസിൻറെ മുൻഗാമിയായിരുന്ന ബോറിസ് ജോൺസൻ വീണ്ടും പ്രധാനമന്ത്രിയാകാൻ മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ, മത്സരിക്കുമോ ഇല്ലെയോ എന്ന കാര്യത്തിൽ ബോറിസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
നിലവിൽ റിഷി സുനകും പെന്നി മോർഡൗൻഡും മാത്രമേ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളു. തിങ്കളാഴ്ച ഉച്ചവരെയാണ് നോമിനേഷൻ സമർപ്പിക്കാനുളള സമയം. 100 എംപിമാരുടെ പിന്തുണയുളളവർക്ക് മാത്രമേ മത്സരത്തിന് യോഗ്യതയുണ്ടാവുകയുളളൂ. ആകെ 357 എംപിമാരാണ് ഭരണ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുളളത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ്ട്രസിന്റെ മടക്കം. അധികാരമേറ്റെടുത്ത് 45-ാം ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസിൻറെ രാജി. സാമ്പത്തിക നയങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി.
പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, രാജിവെക്കുന്നു എന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള പിന്മാറ്റത്തിന് പിറകെ ലിസ് ട്രസ് പ്രതികരിച്ചത്. മാസങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചത്.
അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വൻ വിമർശനമാണ് ഉയർന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകൾ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാർട്ടിയിലേയും കാബിനറ്റിലെയും പ്രമുഖർ വിമർശിച്ചു.
ധനമന്ത്രി ക്വാസി കോർട്ടെങ്ങ് രാജിവച്ചു. പിറകെ ലിസ്‍ ട്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ആഭ്യന്തരമന്ത്രിയും ഇന്ത്യൻ വംശജയുമായ സുവല്ലെ വെർമനും സ്ഥാനം ഒഴിഞ്ഞു. താൻ പോരാളിയെന്നും തോറ്റ് പിന്മാറില്ലെന്നുമായിരുന്നു അപ്പോൾ ലിസ്‍ ട്രസിൻറെ പ്രതികരണം. വിമർശനവും പ്രതിഷേധവും കടുത്തതോടെയാണ് ബ്രിട്ടൻറെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയുടെ മടക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here