ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയെ ചൊല്ലി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പോര് | UK Political Crisis

ലിസ് ട്രസിൻറെ രാജിയെത്തുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയെ ചൊല്ലി കൺസർവേറ്റീവ് പാർട്ടിയിൽ പോര് കടുക്കുന്നു.ഋഷി സുനാക്കും സുവല്ല ബ്രവർമാനും പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിച്ചേക്കും. ഒക്ടോബർ 28നുള്ളിൽ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തണം. അതേസമയം, പൊതു തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാക്കുകയാണ് ലേബർ പാർട്ടി.

വിജയിപ്പിക്കാമെന്ന ആത്മവിശ്വാസത്തോടെ തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങൾ പൂർണ്ണ പരാജയത്തിൽ കലാശിച്ചതോടെയാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃ പദവിയിൽ നിന്ന് ലിസ് ട്രസ് രാജിവെച്ചത്. പാർട്ടി പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ ലിസ് പ്രധാനമന്ത്രി പദവിയിൽ തുടരേണ്ടിവരും. എട്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ട ദുര്യോഗത്തിലാണ് ബ്രിട്ടീഷ് ജനത.

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ അഞ്ചോളം പേർ പങ്കെടുക്കും എന്നാണ് സൂചന. കഴിഞ്ഞതവണ ലിസ് ട്രസിനെതിരെ അവസാനവട്ടം വരെ പൊരുതി പരാജയപ്പെട്ട ഇന്ത്യൻ വംശജൻ ഋഷി സുനാക്കിന് തന്നെയാണ് മുൻതൂക്കം. ലിസ് ട്രസിനെ എതിർത്ത് രംഗത്ത് വന്ന ആഭ്യന്തരമന്ത്രി സുവല്ല ബ്രവർമാനും സാധ്യതാ പട്ടികയിലുണ്ട്.

ബെൻ വാലസും പെന്നി മോർഡൻ്റുമാണ് മത്സരത്തിന് ഒരുങ്ങിയിരിക്കുന്ന മറ്റുള്ളവർ. ലിസ് ട്രസിൻ്റെ സാമ്പത്തിക പരിഷ്കാരങ്ങളെ തള്ളി ധനമന്ത്രിയായ ജെറമി ഹണ്ട് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും മത്സരിക്കാൻ എത്തിയാൽ അത്ഭുതപ്പെടാനില്ല. ഒക്ടോബർ 28ന് മുമ്പ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളാണ് കൺസർവേറ്റീവ് പാർട്ടി നടത്തുന്നത്.

നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ച ഘട്ടത്തിൽ തന്നെ പൊതുതെരഞ്ഞെടുപ്പ് ആവശ്യവുമായി രംഗത്ത് വന്ന ലേബർ പാർട്ടി ലിസ് ട്രസിൻ്റെ രാജിയോടെ ആവശ്യം കടുപ്പിച്ച് തെരുവിലുണ്ട്. കാലാവധി പൂർത്തിയാകുന്നതിനു മുന്നേ ബ്രിട്ടൻ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കടന്നാൽ കീർ സ്റ്റാമറാകും ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News