
ഓൺലൈൻ ഗെയിമിലെ നഷ്ടം നികത്താൻ മോഷണം പതിവാക്കിയ പ്രതി ഇടുക്കിയിൽ പിടിയിൽ. ഓൺലൈൻ റമ്മി കളിച്ച് ഒന്നര ലക്ഷം രൂപ നഷ്ടപ്പെടുത്തിയത് പരിഹരിക്കാൻ 6 വീടുകളിൽ നിന്നായി 9 പവൻ സ്വർണ്ണം മോഷ്ടിച്ച പ്രതിയെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്.വണ്ടിപെരിയാർ സ്വദേശി യാക്കോബാണ് പോലീസ് പിടിയിലായത്.
വണ്ടിപ്പെരിയാർ മഞ്ചു മലയിൽ മൂന്നു പവൻ സ്വർണ്ണം മോഷണം പോയെന്ന പരാതി കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചതോടെയാണ് പ്രദേശത്തെ 6 വീടുകളിൽ നിന്നായി സ്വർണ്ണം മോഷണം പോയതായുള്ള പരാതികൾ ഉണ്ടായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ആളുകൾ സംശയം പറഞ്ഞതോടെയാണ് വണ്ടിപെരിയാർ പുതുക്കാട് പുതുലയം സ്വദേശി യാക്കോബിനെ ചോദ്യം ചെയ്തത്. ഇതോടെ പ്രതി മോഷണം നടത്തിയതായി കണ്ടെത്തി. വീട് പണിക്ക് കരുതിയിരുന്ന ഒന്നരലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടതോടെ ഈ തുക കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ആൾ താമസമില്ലാത്ത വീടിൻ്റെ വെളിയിൽ വച്ചിരുന്ന താക്കോൽ എടുത്ത് വീടിനുള്ളിലെ അലമാര തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷം തിരികെ അതേ സ്ഥലത്തു തന്നെ താക്കോൽ വച്ചതോടെ സ്വർണ്ണം മോഷണം പോയത് ആളുകൾ അറിഞ്ഞിരുന്നില്ല.
വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സാം ഫിലിപ്പിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here