ADVERTISEMENT
രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതിനിടെ ദീപാവലിയുടെ മറവിൽ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ ജോലി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നേരത്തെ 18 മാസം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും അതു വാക്കുകളിൽ മാത്രം ഒതുങ്ങുകയായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം കേന്ദ്രത്തിനെതിരെ തൊഴിൽരഹിതരായ യുവജനങ്ങളുടെ രോഷം അലയടിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്തുവരവെ ജനരോഷം തണുപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനു തുടക്കംകുറിച്ച് നാളെ 75,000 പേർക്ക് നിയമന ഉത്തരവ് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ് വഴി ഉദ്‌ഘാടനം ചെയ്യും.
ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ഗസറ്റഡ്, ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, ഗ്രൂപ്പ് സി വിഭാഗങ്ങളിലായി 38 മന്ത്രാലയത്തിലേക്കും വകുപ്പുകളിലേക്കുമാണ് നിയമനം. വർഷങ്ങളായി കേന്ദ്രസർവീസിൽ 12 ലക്ഷത്തോളം തസ്‌തികൾ ഒഴിഞ്ഞു കിടക്കുകയാണ് . മൂന്ന് പേർ വിരമിക്കുമ്പോൾ ഒരു നിയമനം മാത്രമാണ് നടക്കുന്നത്. റെയിൽവേയിൽ ഉൾപ്പെടെ വൻതോതിൽ തസ്‌തിക വെട്ടിക്കുറച്ചു. ഗ്രൂപ്പ് ഡി തസ്‌തികയിൽ സ്ഥിരം നിയമനം പൂർണമായും നിർത്തി. ഗ്രൂപ്പ് ഡിയിലും ഗ്രൂപ്പ് സിയിലും കരാർ തൊഴിൽ വ്യാപകമാക്കി.
പ്രതിരോധ സേനകളിലും താൽക്കാലിക തൊഴിൽ സമ്പ്രദായം നടപ്പാക്കി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി അരങ്ങേറിയത്.2014ലെ തെരഞ്ഞെടുപ്പ് കാലത്ത് 2 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ആ പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല. 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഈ വർഷം ജൂണിലും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പക്ഷേ ഈ വാഗ്ദാനങ്ങൾ ഒക്കെ വാഗ്ദാനങ്ങൾ ആയി തുടരുന്ന സമയത്ത് തന്നെയാണ് നരേന്ദ്രമോദി പുതിയ പ്രഖ്യാപനവുമായി രംഗത്ത് വരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.