Kasargod:ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവം; ആറുപേര്‍ അറസ്റ്റില്‍

(Kasargod)മഞ്ചേശ്വരം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അഹമ്മദലി എ പി, അബ്ദുള്‍ ബഷീര്‍, അബ്ദുള്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. 59 വിദ്യാര്‍ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പാചകത്തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ജുവനൈല്‍ നിയമം ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

19 വിദ്യാര്‍ഥികളെയും അധ്യാപകരെയും മംഗളൂരുവിലെ ആശുപത്രികളിലും മറ്റുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബേക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച പകല്‍ 2.15നാണ് അപകടം. ടിന്‍ഷീറ്റും മുളയും കമ്പിത്തൂണും ഉപയോഗിച്ച് സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച പന്തല്‍ പൊളിഞ്ഞു വീഴുകയായിരുന്നു.

പന്തലിനടിയില്‍ കുടങ്ങിയ വിദ്യാര്‍ഥികളെ അധ്യാപകരും നാട്ടുകാരുമാണ് രക്ഷപ്പെടുത്തിയത്. മഞ്ചേശ്വരം പൊലീസും ഉപ്പള അഗ്‌നിരക്ഷാനിലയം ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 11 വിദ്യാര്‍ഥികളെ ദേര്‍ളക്കട്ടെ കെ എസ് ഹെഗ്ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഞ്ചുപേരെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അധ്യാപകരായ വിന്ദ്യ, ബഷീര്‍, പത്മ സരോജ, പാചകത്തൊഴിലാളി വാരിജ എന്നിവരെയും ഫാദര്‍ മുള്ളേഴ്സില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എട്ടു വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel