തൊഴിലില്ലായ്മ രൂക്ഷമാകുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി മോദി | Modi

തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതിനിടെ 10 ലക്ഷം തൊഴിലെന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും മാത്രം മുന്നില്‍ കണ്ടാണ് മോദിയുടെ പുതിയ പ്രഖ്യാപനം. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും അതു വാക്കുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു.

2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയപ്പോള്‍ പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ പ്രഖ്യാപനപ്രകാരം കഴിഞ്ഞ എട്ടര വര്‍ഷ കാലയളവില്‍ 17 കോടി തൊഴിലവസരം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കേണ്ടിയിരുന്നു. പക്ഷേ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല നിയമനങ്ങള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. 2017-18ല്‍ പ്രതിമാസം ശരാശരി 11000 തസ്തികയില്‍ കേന്ദ്രം നിയമനം നടത്തിയിരുന്നു. 2019-20 ല്‍ ഇത് 9900 ആയും 2020-21 ല്‍ 7300 ആയും കുറഞ്ഞു. 2019-20ല്‍ 1.19 ലക്ഷം പേര്‍ക്ക് കേന്ദ്രം നിയമനം നല്‍കിയിരുന്നു. 2020-21ല്‍ ആകെ നിയമനങ്ങള്‍ 87423 ആയി കുറഞ്ഞു. ഒറ്റ വര്‍ഷത്തില്‍ 32000 നിയമനങ്ങളാണ് കുറഞ്ഞത്.

പന്ത്രണ്ട് ലക്ഷത്തോളം കേന്ദ്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. കോവിഡിന്റെയും മറ്റും പേരില്‍ സൈന്യത്തിലും മറ്റും രണ്ടുവര്‍ഷത്തോളം നിയമനങ്ങള്‍ നടന്നിരുന്നില്ല. റെയില്‍വേ അടക്കം കൂടുതല്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന മറ്റ് വകുപ്പുകളിലും സമാന സാഹചര്യമാണ്. ഇതാണ് ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ 12 ലക്ഷം വരെയായി ഉയരാന്‍ ഇടയാക്കിയത്. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം മറന്നുകൊണ്ടാണ് 10 ലക്ഷം തൊഴിലെന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രംഗപ്രവേശം. ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പും മാത്രം മുന്നില്‍ കണ്ടാണ് മോദിയുടെ പുതിയ തൊഴില്‍ പ്രഖ്യാപനം. മുന്‍ വാഗ്ദാനം എന്തായെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മോദിയോ കേന്ദ്രസര്‍ക്കാരോ മറുപടി നല്‍കുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here