
കേരളാ സര്‍ക്കാരിന്റെ ദില്ലിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ(Venu Rajamani) സേവനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊതുഭരണവകുപ്പ് പുറത്തുവിട്ടു. കൊല്ലം സ്വദേശി വിഷ്ണു പ്രതാപ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കാണ് പൊതുഭരണവകുപ്പിന്റെ മറുപടി.
വേണു രാജാമണി ജോലി ചെയ്യുന്നതെന്ന് പാര്‍ട്ട് ടൈം അടിസ്ഥാനത്തിലാണെന്നും സഹായത്തിനുള്ളത് കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് വര്‍ക്കിങ്ങ് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തിലെത്തിയ സ്റ്റാഫാണെന്നും വിവരാവകാശ രേഖയ്ക്കുള്ള മറുപടിയില്‍ പറയുന്നു.
വേണു രാജാമണി പദവി ഏറ്റെടുത്തതിനു ശേഷം ഇന്ത്യയിലെ വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി ഫലപ്രദമായ നിരവധി ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ച് വിവരാവകാശ രേഖയില്‍ വിശദമായി എഴുതിയിരിക്കുന്നു. ഒ. എസ്. ഡിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച പതിനൊന്ന് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിവരാവകാശരേഖയില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
കേരളത്തിന്റെ വളര്‍ച്ചയ്ക്കായി വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നും, ഇന്ത്യയിലെ വിദേശ എംബസികളില്‍ നിന്നും സഹകരണ സാധ്യതകള്‍ തേടി അവരുമായി ചര്‍ച്ച നടത്തുക, വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലുകളിലും പ്രവാസി വിഷയങ്ങളിലും സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുക, കേരളം സന്ദര്‍ശിക്കുന്ന വിദേശ ഉദ്യോഗസ്ഥരുമായും ബിസിനസ് പ്രതിനിധികളുമായുള്ള ആശയവിനിമയം നടത്തുക, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശ യാത്രകളുടെ തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ഒ. എസ്. ഡിയുടെ ചുമതലകളെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
നെതര്‍ലന്‍ഡ്‌സ്, നോര്‍വെ, ക്യൂബ, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസഡറുമാരും, യു. എസ്. എ, ജപ്പാന്‍, എന്നീ രാജ്യങ്ങളുടെ ചെന്നെയിലെ കോണ്‍സല്‍ ജനറലുമാരും കേരളം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, കേരള ചീഫ് സെക്രട്ടറിയുമായി യു.കെ.യിലെ ഡെപ്യൂട്ടി ഹൈ കമ്മീഷണറും ആസ്‌ട്രേലിയയിലെ ഹൈകമ്മീഷനറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരോ രാജ്യങ്ങളുമായും മറ്റു അന്താരാഷ്ട്ര ഏജന്‍സികളുമായും നടന്നിട്ടുള്ള ചര്‍ച്ചകള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രധാനമായത് ഇവയൊക്കെയാണ്.
1. യുക്രൈന്‍ പ്രതിസന്ധി : യുദ്ധ മേഖലകളില്‍ ഒറ്റപ്പെട്ട് പോയ മലയാളി വിദ്യാര്‍ത്ഥികളുടെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. എംബസികളില്‍ നിന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഫലപ്രദമായ ആശയവിനിമയത്തിലൂടെ ശേഖരിച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, നോര്‍ക്ക റൂട്ട്‌സ്, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവരെ നേരിട്ട് അറിയിച്ചു. വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി ആവശ്യമായ ഫീഡ്ബാക്ക് വിദേശകാര്യ മന്ത്രാലയത്തിന് തിരികെ നല്‍കി.
2. യൂറോപ്യന്‍ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് : യൂറോപ്യന്‍ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് കിഫ്ബിയുമായി ബന്ധപ്പെട്ട് 300 മില്യണ്‍ യൂറോയുടെ വായ്പ നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍.
3. നെതര്‍ലന്‍ഡ്‌സ് : പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് രേഖകള്‍ ഉപയോഗിച്ച് കേരളത്തിന്റെ ചരിത്രം അന്വേഷിക്കുന്ന ‘കോസ്‌മോസ് മലബാറിക്കസ്’ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍.
നൈപുണ്യ വികസനത്തിനായി അക്‌സോ നോബല്‍ എന്ന ഡച്ച് കമ്പനിയും കേരള സര്‍ക്കാരിന്റെ ഏജന്‍സികളുമായി ചേര്‍ന്ന് പെയിന്റിങ് അക്കാദമികള്‍ സ്ഥാപിച്ച നടപടികള്‍.
ദുരന്ത നിവാരണം, വെള്ളപൊക്കം, പ്രളയ നിവാരണം എന്നിവ പ്രതിരോധിക്കുന്നതിനായി
ബന്ധപ്പെട്ട കേരള ഉദ്യോഗസ്ഥര്‍ക്ക് ഡച്ച് വിദഗ്ദ്ധരുടെ നിര്‍ദേശങ്ങളും പരിശീലനവും.
കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനും കൊച്ചി മേയറും ഡച്ച് വിദഗ്ദ്ധരുമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ചു.
കേരളത്തിലെ കോച്ചുമാര്‍ക്ക് നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍, ഹോക്കി കോച്ചുമാരുടെ പരിശീലനം.
പച്ചക്കറി പഴവര്‍ഗങ്ങള്‍ക്കായി ഇന്തോ ഡച്ച് സെന്റര്‍ ഓഫ് എക്‌സലന്‍സ് അടുത്ത് തന്നെ വയനാട്ടില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍.
4. വിയറ്റ്‌നാം : കേരളവുമായി ഏറ്റവും സമാനതകളുള്ള വിയറ്റ്‌നാമുമായി മത്സ്യബന്ധനം, കൃഷി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്ന ‘വിയറ്റ്‌നാം – കേരള’ ശില്പശാലയില്‍ വിയറ്റ്‌നാം അംബാസഡറും പ്രതിനിധി സംഘവും പങ്കെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍
2022 ഓഗസ്റ്റില്‍ വിയറ്റ്‌നാമിലെ ഏറ്റവും വലിയ മത്സ്യമേളയായ ‘വിയറ്റ്ഫിഷ് ‘ പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ അയക്കുകയും തുടര്‍ന്ന് വിയറ്റ്‌നാമിന്റെ പല പ്രവിശ്യകളിലെ നേതാക്കന്മാരുമായി ചര്‍ച്ചകള്‍.
5. ജര്‍മ്മനി : ജര്‍മ്മനിയിലേക്ക് നഴ്‌സുമാരെ അയയ്ക്കുന്നതിന് ബാംഗ്ലൂരിലെ കണ്‍സല്‍ ജനറലുമായി ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, നോര്‍ക്ക റൂട്ട്‌സും തമ്മില്‍ കരാര്‍.
6. യു. എസ്. എ : അമേരിക്കയിലെ അക്കാദമിക് മേഖലയിലുള്ളവരുമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സംവദിക്കാനും, അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും വേണ്ടി ഒരു ‘അമേരിക്കന്‍ സ്‌പേസ്’ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍.
ചെന്നൈയിലെ യു. എസ് കോണ്‍സുലേറ്റ് കേരളത്തിനായി വികസിപ്പിച്ചെടുത്ത ദുരന്ത നിവാരണ പാഠ്യപദ്ധതി ബന്ധപ്പെട്ട കേരള അധികാരികള്‍ക്ക് കൈമാറാന്‍ വേണ്ട നടപടികള്‍.
USAID നിലവില്‍ കേരളത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ അവലോകനം ചെയ്യുകയും കൂടുതല്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
7. നോര്‍വെ : നോര്‍വീജിയന്‍ എംബസിയും TERI യും കേരള ഗവണ്‍മെന്റിന്റെ പിന്തുണയോടെ സംഘടിപ്പിച്ച ഗ്രീന്‍ ഹൈഡ്രജന്‍ സംബന്ധിച്ച ശില്പശാലക്ക് വേണ്ട സഹകരണം.
8. യൂറോപ്യന്‍ യൂണിയന്‍ : കൊച്ചി നഗരത്തെ യൂറോപ്പിലെ ഒരു നഗരവുമായി ബന്ധിപ്പിച്ചുള്ള ‘ട്വിന്‍ സിറ്റി’ പദ്ധതിയുടെ ചര്‍ച്ചകള്‍ക്ക് മുന്‍ കൈ എടുത്തു.
9. ഫിന്‍ലന്‍ഡ് : ഫിന്‍ലന്‍ഡുമായി വിദ്യാഭ്യാസ മേഖലയില്‍ സഹകരണം ലക്ഷ്യം വച്ച് ഫിന്‍ലന്‍ഡ് അംബാസിഡറുമായും മറ്റ് ഉദ്യോഗസ്ഥരുമായി പല തവണ ചര്‍ച്ചകള്‍.
10. യു. എ. ഇ : യു. എ. ഇ. വാണിജ്യ വകുപ്പ് മന്ത്രിയുടെ കേരള സന്ദര്‍ശനത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍.
11. സ്വിറ്റ്‌സര്‍ലാന്‍ഡ്: ഇന്തോ-സ്വിസ് പദ്ധതിയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വിസ് അംബാസഡറുടെ കേരള സന്ദര്‍ശനത്തിനും, മലബാര്‍ മില്‍മയുടെ പുതിയ സമുച്ചയ ഉദ്ഘാടനത്തിനു വേണ്ടിയുള്ള സഹായങ്ങള്‍.
12. ജപ്പാന്‍ : കേരളത്തില്‍ നടക്കാനിരിക്കുന്ന ഡിസ്‌കവര്‍ ജപ്പാന്‍, ജപ്പാന്‍ മേള എന്നീ പ്രോഗ്രാമുകള്‍ക്ക് പിന്തുണയും, ജാപ്പനീസ് എംബസിയും കോണ്‍സുലേറ്റുമായുള്ള ഏകോപനവും.
13. കേന്ദ്ര വിദേശ കാര്യ മന്ത്രാലയം: കേന്ദ്ര വിദേശ കാര്യ മന്ത്രാലയവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഔദ്യോഗിക കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിയും മറ്റ് അധികാരികളും വിവിധ വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തേടുമ്പോഴുള്ള കൃത്യമായ ഇടപെടലുകള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here