സിപിസി 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; പുതിയ കേന്ദ്ര കമ്മിറ്റിയെ ഇന്ന് തെരഞ്ഞെടുക്കും

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും പുതിയ വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും സജ്ജമാക്കിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ് ശനിയാഴ്ച സമാപിക്കും. മാര്‍ക്സിസ്റ്റ് ആശയ അടിത്തറയില്‍നിന്ന് ചൈനീസ് സവിശേഷതകളോടുകൂടിയ ആധുനിക സോഷ്യലിസ്റ്റ് രാജ്യം യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസില്‍ നടന്നത്. ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും അച്ചടക്ക പരിശോധനയ്ക്കുള്ള കേന്ദ്ര കമീഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടി ഭരണഘടനാ ഭേദഗതികളിന്‍മേലും ചര്‍ച്ച നടന്നു.

പുതിയ കേന്ദ്ര കമ്മിറ്റിയെയും അച്ചടക്കത്തിനുള്ള കേന്ദ്ര കമീഷനെയും സമ്മേളനം ശനിയാഴ്ച തെരഞ്ഞെടുക്കും. വെള്ളിയാഴ്ച പ്രസീഡിയം മൂന്നാം യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ് അധ്യക്ഷനായി. സമ്മേളനത്തില്‍ വൊട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷന്‍ അംഗങ്ങളുടേയും കരട് പട്ടിക യോഗം അംഗീകരിച്ചു. 205 പൂര്‍ണസമയ അംഗങ്ങളും 171 ഇതര അംഗങ്ങളുമടക്കം 376 അംഗങ്ങളാണ് നിലവിലെ കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേന്ദ്ര കമ്മിറ്റിയുടെ അംഗസംഖ്യ കൂട്ടണോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കും.

പുതിയ കേന്ദ്ര കമ്മിറ്റി ഞായറാഴ്ച യോഗം ചേര്‍ന്ന് 25 അംഗ പൊളിറ്റ് ബ്യൂറോയെയും ഏഴംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും. ഞായറാഴ്ചതന്നെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കും. ഷി ജിന്‍പിങ് മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here