വിദ്യാർഥികളുടെ കൺസഷൻ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ഗ്രാമവണ്ടിക്ക് ഇളവ്; മന്ത്രി ആന്റണി രാജു

വിദ്യാർഥികളുടെ കൺസഷൻ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ഗ്രാമവണ്ടിക്ക് ഇളവ് നൽകുന്നതിനുള്ള ഉത്തരവ് ഉടനുണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിച്ച​ ഗ്രാമവണ്ടി സർവീസിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം എടവണ്ണയിൽ നിർവഹിച്ചു .

ഗ്രാമവണ്ടിയുടെ സർവീസ് ലാഭകരമാക്കി നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പരസ്യ വരുമാനത്തെ ആശ്രയിക്കാമെന്നും താത്പര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വണ്ടിയുടെ ഇന്ധന തുക തദ്ദേശ സ്ഥാപനങ്ങളിലൂടെ സ്പോൺസർ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പൊതു ഗതാഗത സൗകര്യങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുന്നതിനായാണ് ഗ്രാമവണ്ടി സർവീസ് പോലുള്ള നൂതന ആശയങ്ങൾ നടപ്പാക്കുന്നത്. ഇത്തരത്തിൽ ഗ്രാമവണ്ടി കെ.എസ്.ആർ.ടി.സിയുടെ മുഖമുദ്രയാവും. സാധാരണക്കാരുടെയും ഗ്രാമപ്രദേശങ്ങളിലുള്ളവരുടെയും യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ഈ പദ്ധതിക്ക് കഴിയും. ഓരോ നാട്ടിലെയും പൊതു ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അവിടുത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുൻ കൈ എടുക്കണമെന്നും മന്ത്രി ചടങ്ങിൽ ആവശ്യപ്പെട്ടു. പി.കെ ബഷീർ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു​ഗതാ​ഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലേക്കും പൊതു ​ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിച്ച പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസാണ് ​’ഗ്രാമവണ്ടി.’ മലപ്പുറം ജില്ലയിൽ ഗ്രാമവണ്ടി ഓടി തുടങ്ങുന്ന ഏക പഞ്ചായത്താണ് എടവണ്ണ. എടവണ്ണ പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ കെ.എസ്.ആർ.ടി.സിയുടെ ഗ്രാമ വണ്ടി ഇന്നലെ മുതൽ (ഒക്ടോബർ 21 ) ഓടിത്തുടങ്ങി.

ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും. ​ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംങ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ​ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും.

പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിലെ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അനുവദിച്ച ലാപ് ടോപ്പുകളുടെ വിതരണവും പ്ലാസ്റ്റിക്ക് നിരോധനം കാര്യക്ഷമമാക്കാൻ ആരംഭിച്ച തുണിസഞ്ചി സംരംഭത്തിന്റെ വിതരണോദ് ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

എടവണ്ണ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽഅരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ശംസു, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാൻ, എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ്, വിവിധ ജന പ്രതിനിധികൾ, കെ.എസ്.ആർ ടി.സി ഉദ്യോഗസ്ഥർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിറ്റാജ് .വിവിധ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News