ADVERTISEMENT
ബ്രിട്ടനിൽ ഭരണ പ്രതിസന്ധി തുടരുന്നു. ലിസ് ട്രസ് രാജി വച്ചതോടെ പുതിയ പ്രധാനമന്ത്രി കസേരക്കായുള്ള അധികാര വടംവലി ശക്തമാകുകയാണ്. ഇന്ത്യൻവംശജൻ ഋഷി സുനക്, മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പെന്നി മോർഡന്‍റ് എന്നിവരാണ് മത്സര രംഗത്തുള്ളത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ലിസ് ട്രസ് രാജിവച്ചതോടെ പുതിയ പാർലമെന്ററി പാർടി ലീഡറെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ കൺസർവേറ്റീവ് പാര്‍ടിയില്‍ വീണ്ടും വോട്ടെടുപ്പ്. ഒക്ടോബർ 28നുള്ളിൽ തെരഞ്ഞെടുപ്പ് നടക്കും.
അതേസമയം, മന്ത്രിസഭാംഗം കൂടിയായ പെന്നി മോഡന്റ് പാര്‍ടി നേതൃസ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തെത്തി. തന്‍റെ ട്വിറ്ററിലൂടെയാണ് പെന്നി ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ത്യൻ വംശജൻ ഋഷി സുനകാണ് മത്സര രംഗത്തെ പ്രധാനി. ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. പ്രധാനമന്ത്രിയാകാനുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചുരുങ്ങിയത് കൺസർവേറ്റീവ് പാർട്ടിയിലെ 100 എം.പിമാരുടെ പിന്തുണ വേണമെന്നാണ് നിയമം. ഇത് റിഷി സുനക് ഉറപ്പിച്ചതോടെ മുന്നോട്ടുള്ള ചുവടുകൾ എളുപ്പമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഋഷി സുനഗിനൊപ്പം ബ്രിട്ടന്‍റെ പ്രധാനമന്ത്രി പദത്തിലേക്കെത്താൻ വീണ്ടും തയ്യാറെടുക്കുകയാണ് ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനായി വിദേശത്തെ അവധിക്കാലം അവസാനിപ്പിച്ച് തിരിച്ചെത്തിയിരിക്കയാണ് ബോറിസ് ജോൺസൺ. തനിക്ക് പ്രധാനമന്ത്രി പദത്തിലെത്താൻ മത്സര രംഗത്ത് നിന്ന് മാറിനിൽക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ ഋഷി സുനഗിനോട് ആവശ്യപ്പെട്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമാകും. റിഷി സുനക്, ബോറിസ് ജോൺസൺ, പെന്നി മോർഡന്റ് എന്നിങ്ങനെ മൂന്ന് പേർ മത്സരിക്കുമെന്നാണ് ബ്രിട്ടീഷ് വെബ്സൈറ്റായ ഗെയ്ദോ ഫോക്സ് പറയുന്നത്. അതിൽ റിഷിക്ക് 103 ഉം ജോൺസണ് 68ഉം മോർഡന്റിന് 25 ഉം പേരുടെ പിന്തുണ ലഭിക്കുമെന്നാണ് നിരീക്ഷണം. ഒക്ടോബർ 24 തിങ്കളാഴ്ചയാണ് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയ്യതി. ഈ മാസം 25 മുതൽ 27 വരെയാകും വോട്ടെടുപ്പ്. 28നു ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി അധികാരത്തിലേറും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.