ADVERTISEMENT
ഡെങ്കിപ്പനി ബാധിതർക്ക് വ്യാജ പ്ലേറ്റ്ലെറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ പത്ത് പേർ പിടിയിൽ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. നേരത്തെ പ്ലേറ്റ്‌ലെറ്റുകളാണെന്ന് പറഞ്ഞ് മുസംബി ജ്യൂസ് നൽകിയ ഡെങ്കി ബാധിതൻ മരണപ്പെട്ടിരുന്നു.
ഇത് വലിയ രീതിയിൽ വിവാദമായതോടെ നടത്തിയ അന്വേഷണത്തിലാണ് പത്തോളം പേർ അറസ്റ്റിലാകുന്നത്.
അറസ്റ്റിലായ 10 പേരും രക്ത ബാങ്കുകളിൽ നിന്ന് പ്ലാസ്മ ശേഖരിച്ച് പ്ലേറ്റ്‌ലെറ്റുകളെന്ന വ്യാജേന പാക്ക് ചെയ്ത് വിൽക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടും രക്തത്തിലെ ഘടകങ്ങളാണെങ്കിലും വ്യത്യസ്ത രോഗികൾക്കാണ് ഇവ നൽകേണ്ടത്. ഡെങ്കിപ്പനി കേസുകൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് വ്യാജ വിൽപനക്കാരുടെ എണ്ണവും ഉയർന്നത്.
അതേസമയം, കഴിഞ്ഞ ദിവസം പ്ലേറ്റ്ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകിയ രോഗി മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി സീൽ ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു.മുസംബി ജ്യൂസിന്റേയും പ്ലാസ്മയുടേയും നിറം സമാനമായതിനാലാണ് മാറിപ്പോയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അബദ്ധത്തിൽ മാറിപ്പോയതാണെന്നും ബ്ലഡ് ബാങ്കിൽ നടന്ന അനാസ്ഥയാണെന്നും അധികൃതർ പറയുന്നു.
പ്രയാഗ്‌രാജിലെ ഝൽവ പ്രദേശത്തുള്ള ഗ്ലോബൽ ഹോസ്പിറ്റലിൽ നടന്ന അഴിമതിയെക്കുറിച്ച് ഒരാൾ സംസാരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്ലാസ്മ ആവശ്യമുള്ള രോഗികൾക്ക് മുസംബി ജ്യൂസ് നൽകുന്നു എന്നായിരുന്നു വീഡിയോയിലെ ആരോപണം. നേരത്തെ ഡെങ്കിപ്പനി കേസുകൾ വർധിച്ചതിനെ തുടർന്ന് ഡോക്ടർമാരോടും പാരാമെഡിക്കൽ സ്റ്റാഫിനോടും അവധി എടുക്കരുതെന്ന് യു.പി സർക്കാർ നിർദേശിച്ചിരുന്നു. ഡെങ്കിപ്പനി തടയാനുള്ള മാർഗങ്ങൾ നഗരസഭകൾ ഉടൻ സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയും നിർദേശിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.