ടി -20 ലോകകപ്പ് ; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം, അക്സർ പട്ടേലും പുറത്ത്

ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ-12 ൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ പാകിസ്താന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. പാക് നിരയില്‍ ഇഫ്തിഖര്‍ അഹമ്മദും ഷാന്‍ മസൂദും അര്‍ധസെഞ്ച്വറികള്‍ നേടി.. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യയും അര്‍ഷ് ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതം വീ‍ഴ്ത്തി. മുഹമ്മദ് ഷാമി, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. വിശ്വസ്തരായ ഓപ്പണര്‍മാരെ പാകിസ്താന് തുടക്കത്തില്‍ തന്നെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ നായകന്‍ ബാബര്‍ അസമിനെ മടക്കി അര്‍ഷ്ദീപ് പാകിസ്താന് തിരിച്ചടി നല്‍കി. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ബാബര്‍ അസം ക്രീസ് വിട്ടു.

ബാബറിന് പകരം വന്ന ഷാന്‍ മസൂദിനെ റണ്‍ ഔട്ടാക്കാനുള്ള സുവര്‍ണാവസരം വിരാട് കോലി നഷ്ടപ്പെടുത്തി. നാലാം ഓവറിലെ അവസാന പന്തില്‍ ലോക ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്ററായ മുഹമ്മദ് റിസ്വാനെയും പുറത്താക്കി അര്‍ഷ്ദീപ് കൊടുങ്കാറ്റായി.

12 പന്തുകള്‍ നേരിട്ട് നാല് റണ്‍സെടുത്ത റിസ്വാനെ അര്‍ഷ്ദീപ് സിങ് ഭുവനേശ്വര്‍ കുമാറിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ പാകിസ്താന്‍ 15 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ബാറ്റിങ് പവര്‍പ്ലേയില്‍ പാകിസ്താന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന് ഷാന്‍ മസൂദ്-ഇഫ്തിഖര്‍ അഹമ്മദ് സഖ്യം വലിയ തകര്‍ച്ചയില്‍ നിന്ന് പാകിസ്താനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 10-ാം ഓവറില്‍ ടീം സ്‌കോര്‍ 50 കടത്തി.

അക്ഷര്‍ പട്ടേല്‍ ചെയ്ത 12-ാം ഓവറില്‍ മൂന്ന് സിക്‌സടിച്ച് ഇഫ്തിഖര്‍ പാകിസ്താന്‍ ഇന്നിങ്‌സിന് ജീവന്‍ നല്‍കി. പിന്നാലെ താരം അര്‍ധസെഞ്ചുറിയും നേടി. എന്നാല്‍ 13-ാം ഓവറിലെ രണ്ടാം പന്തില്‍ മികച്ച ഫോമില്‍ കളിച്ച ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് ഷമി കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 34 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്താണ് ഇഫ്തിഖര്‍ ക്രീസ് വിട്ടത്. മൂന്നാം വിക്കറ്റില്‍ ഷാനിനൊപ്പം 76 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് കഴിഞ്ഞു.

ഇഫ്തിഖറിന് പകരം ശദബ് ഖാനാണ് ക്രീസിലെത്തിയത്. എന്നാല്‍ താരത്തിന് അധികം പിടിച്ചുനില്‍ക്കാനായില്ല. ആറുപന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത ശദബിനെ ഹാര്‍ദിക് പാണ്ഡ്യ സൂര്യകുമാര്‍ യാദവിന്റെ കൈയ്യിലെത്തിച്ചു. ശദബ് മടങ്ങുമ്പോള്‍ പാകിസ്താന്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. ശദബിന് പിന്നാലെ വന്ന ഹൈദര്‍ അലിയും പെട്ടെന്ന് പുറത്തായി. രണ്ട് റണ്‍സെടുത്ത ഹൈദറിനെയും ഹാര്‍ദിക് സൂര്യകുമാറിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ പാകിസ്താന്‍ 98 ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ഏഴാമനായി വന്ന മുഹമ്മദ് നവാസ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആറുപന്തില്‍ നിന്ന് ഒന്‍പത് റണ്‍സെടുത്ത നവാസിനെ ഹാര്‍ദിക് തന്നെ പുറത്താക്കി. താരത്തെ ഹാര്‍ദിക് ദിനേശ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയത് വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ആസിഫ് അലിയാണ്. എന്നാല്‍ നിലയുറപ്പിക്കും മുന്‍പ് ആസിഫിനെ അര്‍ഷ്ദീപ് പറഞ്ഞയച്ചു. അര്‍ഷ്ദീപിന്റെ ഷോര്‍ട്ട്പിച്ച് പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ആസിഫ് അലിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി ദിനേശ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തി.

ആസിഫ് അലിയ്ക്ക് പകരം വന്ന ഷഹീന്‍ അഫ്രീദിയെ കൂട്ടുപിടിച്ച് ഷാന്‍ മസൂദ് ടീം സ്‌കോര്‍ 150 കടത്തി. ഒപ്പം അവസാന ഓവറില്‍ താരം അര്‍ധശതകം നേടുകയും ചെയ്തു. അവസാന ഓവറില്‍ ഷഹീന്‍ അഫ്രീദിയെ ഭുവനേശ്വര്‍ പുറത്താക്കി. എട്ട് പന്തില്‍ നിന്ന് 16 റണ്‍സെടുത്ത താരത്തെ ഭുവനേശ്വര്‍ തന്നെ ക്യാച്ചെടുത്ത് പുറത്താക്കി. അഫ്രീദിയ്ക്ക് പകരം ഹാരിസ് റൗഫാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ താരം സിക്‌സടിക്കുകയും ചെയ്തു. ഒടുവില്‍ പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഷാന്‍ മസൂദ് 42 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെ 52 റണ്‍സെടുത്തും റൗഫ് ആറുറണ്‍സെടുത്തും പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News