അരുണാചലിലെ ഹെലികോപ്ടർ അപകടം; സൈനികൻ അശ്വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അരുണാചല്‍ പ്രദേശില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച സൈനികന്‍ കെ വി അശ്വിന്‍റെ മൃതദേഹം ഇന്ന് ജൻമനാട്ടിലെത്തിക്കും. ആസ്സാം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം സൈനിക യൂണിറ്റിൽ അന്തിമോപചാരമർപ്പിച്ചു. ആസാമിൽ നിന്ന് ഹൈദരാബാദില്‍ എത്തിച്ച ശേഷം രാത്രിയോടെ ഹെലികോപ്ടറില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കും.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം രാവിലെ ചെറുവത്തൂർ കിഴക്കേമുറിയിലെത്തിക്കും. നാളെ രാവിലെ 9 മണി മുതൽ കിഴക്കേ മുറി പൊതുജനവായനശാലയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം പതിനൊന്നു മണിയോടെ വീട്ടുപറമ്പില്‍ സംസ്കരിക്കും. കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ പദ് നായ്ക്ക് ഉച്ചയോടെ അശ്വിന്റെ വീട്ടിലെത്തി. മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

അതേസമയം, സാങ്കേതിക തകരാറുകളെ തുടർന്ന് മിഗ്ഗിംഗ് ഗ്രാമത്തിൽ വെച്ചാണ് അഡ്വാൻസ്ഡ് ലൈറ്റ് ആർമി ഹെലികോപ്റ്റർ തകർന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു. അപകടത്തിന് തൊട്ടുമുൻപ് കരസേന താവളത്തിലേക്ക് പൈലറ്റ് മേയ്‌ഡേ സന്ദേശം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൈലറ്റും സഹ പൈലറ്റും കോപ്റ്റർ പറത്തുന്നതിൽ വർഷങ്ങളുടെ അനുഭവസമ്പത്ത് ഉള്ളവരായിരുന്നു.

കാലാവസ്ഥയും മോശമായിരുന്നില്ല. അതിനാൽ സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.ക്രാഫ്റ്റ്‌സ്മാൻ കെ.വി.അശ്വിനെ കൂടാതെ മേജർ വികാസ് ഭാംഭു, മേജർ മുസ്തഫ ബൊഹാറ, ഹവീൽദാർ ബിരേഷ് സിൻഹ, നായിക് രോഹിതശ്വ കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. അഞ്ചാമത്തെ സൈനികന്റെ ഭൗതികശരീരം ഇന്നലെയാണ് കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here