T-20: ടി ട്വന്റി ലോകകപ്പ്; അവസാന ഓവര്‍ ത്രില്ലറില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

2022 ട്വന്റി 20 ലോകകപ്പിലെ(T_20 world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ(Pakistan) നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ(India). ഒറ്റയ്ക്ക് നിന്ന് പൊരുതിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. കോലി 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ പുറത്തായി. നസീം ഷാ താരത്തിന്റെ വിക്കറ്റ് പിഴുതു. നാല് റണ്‍സെടുത്ത രാഹുലിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു.

രാഹുലിന് പകരം സൂപ്പര്‍താരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റും നഷ്ടപ്പെട്ടു. നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹിതിനെ ഹാരിസ് റൗഫ് സ്ലിപ്പില്‍ നിന്ന ഇഫ്തിഖറിന്റെ കൈയ്യിലെത്തിച്ചു. രോഹിത്തിനും നാല് റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. കോലിയും സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് സൂര്യകുമാര്‍ വരവറിയിച്ചു. പക്ഷേ അനാവശ്യ ഷോട്ടിന് കളിച്ച് സൂര്യകുമാര്‍ വിക്കറ്റ് കളഞ്ഞു. 10 പന്തില്‍ നിന്ന് 15 റണ്‍സാണ് സൂര്യകുമാറിന്റെ സംഭാവന. ഇതോടെ 26 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

അഞ്ചാമനായി അക്ഷര്‍ പട്ടേലിനെയാണ് രോഹിത് ശര്‍മ അയച്ചത്. എന്നാല്‍ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടായി. ഇതോടെ ഇന്ത്യ 31 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. അക്ഷറിന് പട്ടേലിന് പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് കോലി ശ്രദ്ധാപൂര്‍വം ബാറ്റുവീശി. 11-ാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. ഹാര്‍ദിക്കും കോലിയും വിക്കറ്റ് കളയാതെ ഇന്ത്യയെ നയിച്ചു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News