കൊന്നിട്ടും തീരാത്ത പ്രണയപ്പക

പ്രണയപ്പകയില്‍ ജീവിതം നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ ദിനംപ്രതി മാധ്യമങ്ങളില്‍ നിറയുകയാണ്. സ്ക്കൂള്‍, ക്യാമ്പസ്, റോഡുകള്‍ തുടങ്ങിയയിടങ്ങള്‍ പക പോക്കലുകളുടെ ഇടങ്ങളായി മാറുകയും പെണ്‍കുട്ടികള്‍ അതിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഇന്ന് വര്‍ദ്ധിച്ചു വരുകയാണ്.

എന്താണ് പ്രണയം? സത്യം പറഞ്ഞാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇതിന്റെ ശരിയായ അര്‍ത്ഥം അറിയുമോയെന്നു സംശയം. ടെക്നോളജിയുടെ ഈ കാലത്ത് പ്രണയം ശാരീരികമായുള്ള ആസ്വാദനം മാത്രമായി ചുരുങ്ങിയിരിക്കുന്ന ഈ കാലത്ത് ചാറ്റിങ്ങും പങ്കുവയ്ക്കലുകളുമായി പ്രണയം മാറി.

ഇന്നലെയാണ് പ്രണയപ്പകയിൽ പാനൂർ വള്ള്യായിൽ വിഷ്ണുപ്രിയ എന്ന ഇരുപത്തിമൂന്ന് വയസുകാരി പെൺകുട്ടി കഴുത്തറുത്ത് കൊല്ലപ്പെടുന്നത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി
പ്രതി ശ്യാംജിത്ത് സ്വയം നിർമിച്ചതാണ് അതും ഗൂഗിളിന്റെ സഹായത്തോടെ കത്തിയുണ്ടാക്കാൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തിയുണ്ടാക്കാൻ ഇരുമ്പും ചുറ്റികയും ശ്യാംജിത്ത് വാങ്ങുകയും ചെയ്തിരുന്നു.

കാവ്യസങ്കൽപങ്ങളിൽ പ്രണയം എത്ര ഹൃദയഹാരിയായ മൗനം… കാൽപനികതകളിൽ ദിവ്യം. വാചാലമാകുമ്പോഴോ? സങ്കൽപങ്ങളിൽ ഇത്ര പരിശുദ്ധമായിരിക്കുന്ന മൃദുലത ഇന്നിന്റെ സ്ഥലകാലിയിൽ എങ്ങനെയാണിത്ര കഠോരമാകുന്നത്? ഹൃദയം ഹൃദയത്തോടു ചേർത്തുവയ്ക്കുമ്പോഴും കാഞ്ചിയുടെ വക്രതയിലേക്ക് കണ്ണെറിഞ്ഞുകൊണ്ടേയിരുന്ന് എങ്ങനെയാണ് ഒരു പെണ്ണിനെ പ്രണയിക്കാനാവുക? പ്രണയംതന്നെയാണ് ജീവിതമെന്ന് ആസ്വദിക്കാനാവുക? ആസിഡ് വികൃതമാക്കിയ മുഖവുമായി ജീവിക്കുമ്പോഴും വെടിയുണ്ടകളേറ്റ് വീഴുമ്പോഴും പക എന്ന വാക്കിനൊപ്പം പ്രണയം എന്ന ത്രൈക്ഷരിയെ ചേർക്കുന്നു. പ്രണയം എന്നേ അവർക്കിടയിൽനിന്ന് പടിയിറങ്ങിക്കഴിഞ്ഞു കാണും.

സീനിയര്‍ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ഹരിപ്പാട് സ്വദേശിയും ബന്ധുവിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ പത്തനംത്തിട്ടക്കാരിയും എന്ന് തുടങ്ങിയ നീണ്ട ലിസ്റ്റുകള്‍ നമുക്ക് മുന്നിലുണ്ട്. ഒന്നോ രണ്ടോ വാര്‍ത്തകള്‍ അല്ല ദിനംപ്രതി പ്രണയപ്പകയില്‍ പൊലിയുന്ന ജീവനുകള്‍..

എന്താണ് നമ്മുടെ യുവ തലമുറയ്ക്ക് സംഭവിച്ചത്? നമ്മുടെ തലമുറ എങ്ങോട്ടാണ് സഞ്ചരിക്കുന്നത്? ഈ മാനസികാവസ്ഥ അപകടമല്ലേ? സമൂഹവും ചിന്തകളും ടെക്നോളജിയും വികസിച്ച ഈ കാലത്ത് സ്നേഹബന്ധങ്ങള്‍ അവനവനിലേക്ക് ചുരുങ്ങുകയാണ്. എവിടെയാണ് മാനുഷിക മൂല്യങ്ങള്‍ നന്മകള്‍ നഷ്ടമായതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. വീടും കുടുംബവും ഒരു വാട്സ് ആപ് ഗ്രൂപ്പിലെ സ്മൈലി പോലുമില്ലാതെ ചുരുങ്ങിയ ജീവിതത്തില്‍ ഞാന്‍, എന്റേത്, എനിക്ക് മാത്രം എന്നിങ്ങനെ ഒതുങ്ങുന്നു. അതുകൊണ്ട് തന്നെ തനിക്ക് കിട്ടാത്തതിനെ തട്ടിപ്പറിക്കാനും സ്വന്തമാക്കാനുമുല്ല സ്വഭാവവിശേഷങ്ങള്‍ സ്വായത്തമാക്കിയ യുവതലമുറ പ്രണയത്തെ പകയോടെ പെട്രോളിന്റെയും തീനാളത്തിന്റെയും ഗന്ധത്തില്‍ എരിച്ചടക്കുന്നു… ഒരു തലമുറയെയും അവരുടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും… ഒരു കുടുംബവും അച്ഛനമ്മമാരുടെയും തീരാ കണ്ണീരില്‍ പ്രതീക്ഷയുടെ കാഴ്ച മങ്ങുന്നു.

അഞ്ച് വർഷത്തെ പ്രണയം പിന്നീട് സംശയത്തിലേക്കും പിന്നീട് അത് പകയിലേക്കും മാറി. കണ്ണൂരിലെ മാനസയ്ക്കും നിതിനയ്ക്കും കൃഷ്ണപ്രിയയ്ക്കും പിന്നാലെ ഇപ്പോഴിതാ വിഷ്ണുപ്രിയയും പ്രണയത്തിന്റെ കൊലകത്തിയിൽ എരിഞ്ഞമർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News