Governor: ഗവർണർ, താങ്കളെ ഓർത്ത്‌ ഈ നാട് ലജ്ജിച്ച് തലതാഴ്ത്തുന്നു: അഡ്വ. കെ എസ്‌ അരുൺകുമാർ

ഒൻപത് സർവകലാശാല വിസിമാർ നാളത്തെന്നെ രാജിവയ്ക്കണമെന്ന ഗവർണർ(governor) ആരിഫ് മുഹമ്മ്ദ് ഖാന്റെ നടപടിക്കെതിരെ അഡ്വ. കെ എസ്‌ അരുൺകുമാർ. ആർഎസ്എസ് നേതൃത്വം കുനിയാൻ പറയുമ്പോൾ കാലിലിഴയുകയാണ് കേരളാ ഗവർണറെന്നും താങ്കളെ ഓർത്ത് ഈ നാട് ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്നും അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ബഹുമാനപ്പെട്ട സുപ്രീകോടതിയുടെ Civil Appeal Nos.7634-7635 of 2022(@ SLP(c) Nos. 21108-21109 of 2021) കേസിന്റെ 21.10.22 ലെ വിധിന്യായം ഉയർത്തിപ്പിടിക്കാൻ വേണ്ടി കേരളാ ഗവർണർ സംസ്ഥാനത്തെ 9 സർവ്വകലാശാലയുടെ വൈസ് ചാൻസിലർന്മാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ കേരളാ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച്‌ കേരളാ ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍, ഈ നിയമനം ചോദ്യം ചെയ്ത് കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രധാനമായും 3 വാദങ്ങളാണ് ഡോ. ശ്രീജിത്ത് സുപ്രീം കോടതിയിൽ ഉയർത്തിയത്.

1.വൈസ് ചാൻസിലറെ തെരെഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ
വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതാവണം എന്ന ചട്ടം ലംഘിച്ചു എന്നതാണ് ആദ്യ ആരോപണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച്‌ കമ്മിറ്റിയില്‍ അംഗമാക്കിയതെന്നായിരുന്നു ആരോപണം. ഒരു സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായ സീനിയർ IAS കാരൻ വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ആളാണെന്ന് പറയാൻ കഴിയുമോ?

2. യുജിസി ചെയര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ (AICTE) നോമിനിയെയാണ് സെര്‍ച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് രണ്ടാമത്തെ ലംഘനമായി ഹര്‍ജിക്കാര്‍ ആരോപിച്ചത്. ഒരു സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസിലറെ തെരെഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷന്റ പ്രതിനിധിയെ നിർദ്ദേശിച്ചാൽ ഏറ്റവും യോഗ്യനായല്ലേ അദ്ദേഹത്തെ കാണെണ്ടത്.

3. വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനല്‍ നല്‍കണമെന്ന ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചു എന്നതാണ് 3 മത്തെ ആരോപണം. ഡോ. രാജശ്രീയുടെ പേര് മാത്രമാണ് സെർച്ച് കമ്മിറ്റി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയത്. തങ്ങളുടെ മുന്നിൽ പരിഗണക്കു വരുന്ന പേരുകളിൽ മതിയായ യോഗ്യതയുള്ള ഒരാളുടെ പേരു മാത്രമേ കണ്ടെത്താൻ സെർച്ച് കമ്മിറ്റിക്കു സാധിച്ചിട്ടൊള്ളൂ എങ്കിൽ ആ പേര് മാത്രമല്ലേ അയക്കാൻ കഴിയൂ. അതിന് സെർച്ച് കമ്മിറ്റിയെ കുറ്റം പറയുവാൻ കഴിയുമോ?
സെർച്ച് കമ്മിറ്റിയുടെ നിർദ്ദേശം സ്വീകരിച്ച് ഡോ. നിയമിച്ചത് കേരളാ ഗവർണ്ണർ തന്നേയല്ലേ? ഗവർണർക്ക് വേണമെങ്കിൽ സെർച്ച് കമ്മിറ്റിയുടെ നിർദ്ദേശം തള്ളിക്കളയാമായിരുന്നല്ലോ? അന്ന് ഗവർണ്ണർ തന്നെയാ ണ് ഡോ. എം.എസ്. രാജശ്രീയെ വൈസ്ചാൻസിലറായി നിയമിച്ചത്.

വസ്തുതകൾ ഇതൊക്കെയാണെങ്കിലും എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കി. ഈ വിധിക്കെതിരെ പുന: പരിശോധന ഹർജി നൽകുമെന്ന് ഡോ. എം.എസ് രാജശ്രീയും ഗവൺമെന്റും വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും പുന:പരിശോധന ഹർജി സുപ്രിം കോടതി പരിഗണിക്കട്ടെ. ബന്ധപ്പെട്ട കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉണ്ടെങ്കിൽ കോടതിയുടെ മുന്നിൽ വരട്ടെ.

ഈ കേസിൽ ഒരിടത്തും കേരളത്തിലെ മറ്റ് 9 സർവ്വകലാശാലകളെക്കുറിച്ച് പരാമർശം ഇല്ല. കേരളത്തിലെ മറ്റ് സർവ്വകലാശാലകളെപ്പറ്റി ഒരു വാക്കു പോലും സുപ്രീം കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടില്ല എന്നിരിക്കെ ഒക്ടോബർ 21 ന്റെ മേൽ കേസിന്റെ വിധിന്യായം ഉയർത്തിപ്പിടിക്കാൻ വേണ്ടി സംസ്ഥാനത്തെ 9 സർവ്വകലാശാലയുടെ വൈസ് ചാൻസിലർന്മാരോട് രാജിവെക്കാൻ കേരളാ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നതിന്റെ പിന്നാലെ യുക്തി മനസിലാകുന്നില്ല. മാത്രമല്ല കേരളാത്തിലെ ഈ 9 സർവ്വകലാശാല വൈസ് ചാൻസിലർമാർക്ക് എതിരായ ഒരു കോടതി പരാമർശവും ഇപ്പോൾ നിലവിലില്ല. ഇവർക്കെതിരെ ഒരു കേസുകളും രാജ്യത്തെ ഒരു കോടതിയിലും ഇപ്പോൾ ഇല്ല.

അതു കൊണ്ട് തന്നെ കേരളാ ഗവർണ്ണറുടെ ഇന്നത്തെ തീരുമാനം കോടതി വിധി ഉയർത്തിപ്പിടിക്കാനല്ല മറിച്ച് RSS ന്റെ അഖിലേന്ത്യ നേതൃത്വത്തിന്റെ നിർദ്ദേശം ശിരസാവഹിക്കുന്നതിന്റെ ഭാഗമാണ്. RSS നേതൃത്വം കുനിയാൻ പറയുമ്പോൾ കാലിലിഴയുകയാണ് കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ താങ്കളെ ഓർത്ത് ഈ നാട് ലജ്ജിച്ചു തലതാഴ്ത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News