Pinarayi Vijayan: ഗവര്‍ണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം: മുഖ്യമന്ത്രി പിണറായി വിജയന്‍

ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. ഗവര്‍ണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് രാജി വെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവര്‍ണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാനപരമായ തത്വങ്ങളെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇല്ലാത്ത പദവി ദുരുപയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നു മാത്രമല്ല, ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേവലസാങ്കേതികതയില്‍ തൂങ്ങിയാണ് 9 വിസിമാരോട് ഗവര്‍ണര്‍ ഇറങ്ങിപോകാന്‍ പറഞ്ഞത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചുനിര്‍ത്തുന്നത് താനാണെന്ന് തോന്നുന്ന മൗഢ്യമായിരിക്കും അത്. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് നിയമപരമായ സാധൂകരണം ഇല്ല. സര്‍വകലാശലയിലെ ഫണ്ട് ദുരുപയോഗം, മോശമായ പെരുമാറ്റം എന്നിവയുണ്ടെങ്കിലേ ഒരു വിസിയെ നീക്കം ചെയ്യാന്‍ പറ്റുകയുള്ളു. വിസിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് നിയപരമായ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News