ഗവർണറുടെ വാർത്താസമ്മേളനം; പ്രവേശനം തെരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്ക് മാത്രം

മാധ്യമങ്ങളോടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വേർതിരിവ്.ഇന്ന് രാജ്ഭവനിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ ഗവർണർക്ക് ഇഷ്ട്ടമുള്ള മാധ്യമങ്ങൾക്ക് മാത്രം പ്രവേശനം. ഒഴിവാക്കിയത് കേഡർ മാധ്യമപ്രവർത്തകരെ എന്നാണ് ഗവർണർ നല്കുന്ന ന്യായീകരണം. കൈരളി അടക്കമുള്ള മാധ്യമങ്ങൾക്ക് ഗവർണറുടെ വാർത്താസമ്മേളനത്തിൽ പ്രവേശനമില്ല.വിലക്കിയത് നാല് മാധ്യമങ്ങളെയാണ്. കൈരളി,റിപ്പോർട്ടർ, മീഡിയവൺ, ജയ്‌ഹിന്ദ്‌ എന്നി മാധ്യമങ്ങൾക്കാണ് രാജ്ഭവനിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ വിലക്ക്.

വിസിമാരുടെ വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഇന്ന് ഗവർണർ അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ഗവർണറുടെ ആക്ഷേപം. കേഡര്‍മാരോട് പ്രതികരിക്കില്ല. യഥാർഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. വി.സിമാരുടെ രാജിയാവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണം തേടിയത്.

നിങ്ങളുടെ കൂട്ടത്തിൽ ആരാണ് ശരിയായ മാധ്യമപ്രവർത്തകൻ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനു മുന്നിൽ കഴിഞ്ഞ മാസം നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം കേരളത്തിലെ മാധ്യമങ്ങളോട് ഗവർണർ ഇതുവരെ കാര്യമായ പ്രതികരണങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.

അതേസമയം, രാവിലെ പതിനൊന്നരയ്ക്ക് മുൻപ് രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളിയ ഒൻപത് സർവകലാശാലാ വിസിമാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജിവെക്കേണ്ടതില്ലെന്ന് സർക്കാരും വിസിമാരോട് നിർദേശിച്ചതോടെയാണ് കോടതിയെ സമീപിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖല സ്തംഭിക്കുന്ന വിഷയം ആയതിനാൽ അടിയന്തിരമായി പരിഗണിക്കണമെന്ന വിസിമാരുടെ അഭിപ്രായം അംഗീകരിച്ച ഹൈക്കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് അടിയന്തിര സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ആണ് വിസിമാരുടെ ഹർജി പരിഗണിക്കുക.

ഓരോ വിസിമാരും ഹൈക്കോടതിയിൽ പ്രത്യേകം ഹർജി നൽകിയിട്ടുണ്ട്. 2019 തന്നെ വിസിയായി തന്നെ നിയമിച്ചത് ഗവർണറാണെന്നും ഗവർണരുടെ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് എംജി യൂണിവേഴ്സിറ്റി വിസി നൽകിയ ഹർജിയിൽ പറയുന്നത്. യൂണിവേഴ്സിറ്റി ചട്ടപ്രകാരമാണ് വൈസ്ചാൻസിലർ സ്ഥാനത്തേക്കുള്ള തന്റെ നിയമനമുണ്ടായത്. താൻ ചുമതല നിർവ്വഹിക്കുന്നതിനിടെ രാജി ആവശ്യപ്പെടുന്നത് വിവേചനപരമാണ്. ചാൻസലർ സ്റ്റാറ്റ്യൂട്ടറി അതോരിറ്റിയാണ്. അത്തരം അതോരിറ്റിയുടെ ഉത്തരവ് നീതിപൂർവമായിരിക്കണം. തന്റെ മറുപടി പോലും കേൾക്കാതെ ദീപാവലി ദിവസം തന്നെ രാജി വെക്കാൻ ആവശ്യപ്പെടുത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിയിൽ എംജി യൂണിവേഴ്സിറ്റി വിസി ഹർജിയിൽ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News