സൽമാൻ റുഷ്ദിയുടെ കൈയ്യുടെ സ്വാധീനം നഷ്ടമായി, ഒരു കണ്ണിന്റെ കാഴ്ച്ച പോയി; റിപ്പോർട്ടുകൾ

അമേരിക്കയിലുണ്ടായ വധശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു. സ്പാനിഷ് ന്യൂസ് പേപ്പറായ എൽ പെയ്സിന് നൽകിയ അഭിമുഖത്തിൽ റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കെെയ്യിലെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കെെയ്യുടെ സ്വാധീനം നഷ്ടപ്പെട്ടു. കഴുത്തിൽ മൂന്ന് ഗുരുതരമായ മുറിവുകളുണ്ട്. നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15 ഓളം മുറിവുകൾ കൂടിയുണ്ടെന്നും ആൻഡ്രൂ വൈലി പറഞ്ഞു.

ആഗസ്റ്റ് 12ന് ന്യൂയോർക്കിലെ ചൗതക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുമ്പോഴായിരുന്നു റുഷ്ദിക്കെതിരെ ആക്രമണം ഉണ്ടായത്. വേദിയിലേക്ക് കയറി വന്ന ഹാദി മറ്റാർ എന്ന യുവാവ് സൽമാൻ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റർ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സാത്താനിക് വേഴ്‌സ് എന്ന പുസ്തകത്തിന്റെ പേരിൽ വർഷങ്ങളായി വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് സൽമാൻ റുഷ്ദി. 1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകമായ, ‘ദ സാത്താനിക് വേഴ്സസ്’ നിരവധി വിവാദങ്ങൾക്കാണ് വഴിവെച്ചത്. 1988 മുതൽ ഈ പുസ്തകം ഇറാനിൽ നിരോധിച്ചിരുന്നു.

‘സാത്താനിക് വേഴ്സസ്’ എഴുതിയതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. മതനിന്ദ ആരോപിച്ച് റുഷ്ദിക്കെതിരെ ഭീഷണികൾ ഉയർന്നു. പുസ്തകത്തിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിരോധനമുണ്ടായി. 1989 ഫെബ്രുവരി 14ന് അയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു ദശലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News