ബ്രിട്ടീഷ് പ്രധാനമന്ത്രി പദം; ചരിത്ര നിമിഷത്തിനരികെ ഋഷി സുനക്, ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

ഇന്ത്യന്‍വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടായിരിക്കും. മത്സരരംഗത്തുള്ള പെന്നി മൊർഡാണ്ട് പിന്മാറി. ഞായറാഴ്ചയാണ് ഋഷി ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ ഒരുമിപ്പിക്കാനും രാജ്യത്തെ നയിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും പഞ്ചാബില്‍ വേരുകളുള്ള നാല്പത്തിരണ്ടുകാരനായ ഋഷി.

പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാര്‍ഥിക്കേ മത്സരിക്കാനാകൂ. ആദ്യംതന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച പൊതുസഭാ നേതാവ് പെന്നി മോര്‍ഡന്റിന് നിലവില്‍ 29 എം.പി.മാരേ പരസ്യമായി പിന്തുണച്ചിട്ടുള്ളൂ. മുന്‍ ധനമന്ത്രിയായ ഋഷിക്ക് 142 കണ്‍സര്‍വേറ്റിവ് എം.പി.മാരുടെ പിന്തുണയുണ്ട്.

ഇന്ത്യന്‍സമയം വൈകീട്ട് ആറരവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. ബോറിസ് ജോണ്‍സണ്‍ നേരത്തെ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. മത്സരിച്ചാല്‍ താന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നും എന്നാല്‍ പാർട്ടിയില്‍ കെട്ടുറപ്പില്ലാതെ ഫലപ്രദമായ രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന തിരിച്ചറിവാണ് തന്റെ പിന്മാറ്റത്തിനുള്ള കാരണമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഋഷിയും ജോണ്‍സണും തമ്മില്‍ ശനിയാഴ്ച രഹസ്യചര്‍ച്ച നടന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു.

സാമ്പത്തികനയങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ട പ്രധാനമന്ത്രി ലിസ് ട്രസ് വ്യാഴാഴ്ച രാജിപ്രഖ്യാപിച്ചതിനാലാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിയത്. അഴിമതികളില്‍പ്പെട്ട് ജൂലായില്‍ ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിനെത്തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഋഷി സുനക്കിനെ തോല്‍പ്പിച്ചാണ് ലിസ് അധികാരത്തിലേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News