Jio; ജിയോബുക്ക് ലാപ്ടോപ്പ് വിൽപ്പനയ്ക്കെത്തി; വില അറിയണ്ടേ?

ജിയോയുടെ വില കുറഞ്ഞ ലാപ്ടോപ്പായ ജിയോബുക്കിന്റെ വിൽപ്പന ആരംഭിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ വച്ചാണ് ജിയോ ഈ ലാപ്ടോപ്പ് അവതരിപ്പിച്ചത്. അന്ന് ഇതൊരു വില കുറഞ്ഞ ലാപ്ടോപ്പ് ആയിരിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും വില വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറിലൂടെ ഈ ലാപ്ടോപ്പ് വാങ്ങാവുന്നതാണ്. മറ്റ് സ്റ്റോറുകളിലും ഓഫ്ലൈനായും ലാപ്ടോപ്പ് ലഭ്യമാകുമോ എന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലാപ്ടോപ്പിന്റെ വിലയും സവിശേഷതകളും നോക്കാം.

ജിയോബുക്ക്: വില

ജിയോബുക്കിന് ഇപ്പോൾ ഇന്ത്യയിൽ 15,799 രൂപയാണ് വില. എന്നാൽ ഈ ലാപ്ടോപ്പിന്റെ എംആർപി 35,605 രൂപയെന്നാണ് ജിയോ കാണിച്ചിരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് ലാപ്ടോപ്പ് 15,799 രൂപയ്ക്ക് തന്നെ വാങ്ങാവുന്നതാണ്. പ്രമുഖ ബാങ്കുകളുടെ ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 5000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. ഇഎംഐ ഇടപാടുകൾക്കും ഈ കിഴിവ് ലഭ്യമാകും. ഈ കിഴിവിൽ ഉൾപ്പെടാത്ത ബാങ്ക് കാർഡുകൾക്ക് ഓഫറുകൾ ലഭിക്കുകയില്ല.

ജിയോബുക്ക്: സവിശേഷതകൾ

ജിയോബുക്ക് ലാപ്ടോപ്പ് ജിയോ ബ്ലൂ എന്ന ഒറ്റ കളർ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 11.6 ഇഞ്ച് ഡിസ്പ്ലെയുമായിട്ടാണ് ലാപ്ടോപ്പ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 1366×768 പിക്സൽ റസലൂഷനുണ്ട്. സ്റ്റീരിയോ സ്പീക്കറുകളുമായി വരുന്ന ജിയോബുക്കിൽ 2എംപി വെബ് ക്യാമറയും നൽകിയിട്ടുണ്ട്. വീഡിയോ കോളുകൾക്കും മറ്റും ഉപയോഗിക്കാവുന്ന നിലവാരമുള്ള ക്യാമറയാണ് ഇത്. ഒരു എച്ച്ഡിഎംഐ പോർട്ടാണ് ജിയോബുക്കിലുള്ളത്. വൈഫൈ, ബ്ലൂട്ടൂത്ത് സപ്പോർട്ടും ലാപ്ടോപ്പിൽ ജിയോ നൽകിയിട്ടുണ്ട്.

ജിയോബുക്ക് ലാപ്ടോപ്പിൽ ഹെഡ്ഫോണുകൾ കണക്റ്റ് ചെയ്യാനായി 3.5mm ഓഡിയോ ജാക്കും നൽകിയിട്ടുണ്ട്. 128 ജിബി വരെ സപ്പോർട്ട് ചെയ്യുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടാണ് ലാപ്ടോപ്പ് വരുന്നത്. 5000mAh ബാറ്ററിയാണ് ജിയോബുക്കിലുള്ളത്. ഒരു വർഷം വാറന്റിയും ഇതിനുണ്ട്. 32 ജിബി eMMC മെമ്മറിയാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. ജിയോ ഒഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പിൽ ഇന്റഗ്രേറ്റഡ് ജിയോ 4ജി എൽടിഇ സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇതിലൂടെ സിം കാർഡ് ഇട്ട് ജിയോ 4ജി നെറ്റ്വർക്ക് നേടാനാകും.

ജിയോബുക്ക് ലാപ്ടോപ്പിന്റെ ലിസ്റ്റിങ് അനുസരിച്ച് ഈ ഡിവൈസിന്റെ ബാറ്ററിക്ക് 8 മണിക്കൂർ വരെ ബാക്ക്അപ്പ് നൽകാൻ കഴിയും. ഒക്ടാകോർ സിപിയു ആണ് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത്. 1.2 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. കൊണ്ടുനടക്കാനും ഉപയോഗിക്കാനും എളുപ്പമുള്ള രീതിയിലാണ് ഈ ലാപ്ടോപ്പ് നിർമ്മിച്ചിരിക്കുന്നത്.

ജിയോബുക്ക് ലാപ്ടോപ്പിലൂടെ ഉപയോക്താക്കൾക്ക് ജിയോ സ്റ്റോറിലേക്ക് ആക്സസും ലഭിക്കും. ഇതിലൂടെ ആവശ്യമുള്ള ആപ്പുകളും കണ്ടന്റുകളും പ്രൊഡക്ടിവിറ്റി ടൂളുകളും ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇതൊരു മെയ്ഡ് ഇൻ ഇന്ത്യ ലാപ്ടോപ്പ് കൂടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News