ഗവര്‍ണറുടെ നടപടിക്കെതിരെ എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം

9 വൈസ്‌ ചാൻസിലർമാരോട്‌ രാജി സമർപ്പിക്കാനാവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഗവർണറുടെ അനാവശ്യ ഇടപെടൽ.ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിച്ചും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചും കൊണ്ട്‌ കേരളം മുന്നോട്ടുപോകുകയാണ്‌. ഇതിനെ തടയിടാൻ ആർ.എസ്‌.എസ്‌ നൽകുന്ന തിട്ടൂരങ്ങൾക്കനുസരിച്ച്‌ ഗവർണർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർത്താനാണ് എൽഡിഎഫിന്റെ തീരുമാനം.

ഇന്നും നാളെയും ഇടതുമുന്നണി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ഗവർണർക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തുകയാണ്.

നവംബർ 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈസ് ചാൻസിലർമാർക്കെതിരെ കർക്കശ നിലപാട് ഗവർണർ സ്വീകരിക്കുമ്പോൾ ​ഗവർണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തി പ്രതിരോധിക്കാനാണ് എൽഡിഎഫ് ശ്രമം.

സർവകലാശാലകളിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവർണറുടെ ശ്രമം എന്ന വാദമാണ് സിപിഐഎം ഉയർത്തുന്നത്.
ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. അങ്ങനെയുള്ള തോണ്ടലൊന്നും ഇവിടെ ഏശില്ലെന്നും മുഖ്യമന്ത്രി പൊതുവേദിയിൽ വച്ച് തുറന്നടിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News