”അവനാണെങ്കിൽ ഞാൻ തരാം, അവന് പറ്റും”, ശ്രീനിവാസന്റെ ആ വാക്കാണ് ഞാൻ സംവിധായകനാവാൻ കാരണം; ലാൽ ജോസ് പറയുന്നു

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാള സിനിമാ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ലാൽ ജോസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. വർഷങ്ങളോളം കമലിന്റെ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ച ശേഷം 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാകുന്നത്.

ലാല്‍ ജോസ് – ശ്രീനിവാസന്‍ ടീമിന്‍റെ 'മരണ സര്‍ട്ടിഫിക്കറ്റ്'എന്ന ചിത്രം  ഉപേക്ഷിക്കാനുണ്ടായ കാരണം!! | lal jose

പിന്നീട് അങ്ങോട്ട് പ്രേക്ഷകന്റെ പൾസറിഞ്ഞ നിരവധി സിനിമകളാണ് ലാൽ ജോസ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധി ചിത്രങ്ങൾ ലാൽ ജോസ് എന്ന സംവിധായകൻ മലയാളത്തിന് നൽകി. മീശമാധവൻ, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങിയവയാണ് അതിൽ ചിലത്.

വളരെ വൈകിയാണ് ലാൽ ജോസ് സംവിധായക കുപ്പായം അണിഞ്ഞത്. കൈരളി ടിവി പ്രത്യേക പരിപാടിയായ ജെബി ജങ്ങ്ഷനിൽ ലാൽ ജോസ് പറയുന്നു. താൻ സ്വതന്ത്ര സംവിധായകൻ ആകാനുണ്ടായ കാരണവും അദ്ദേഹം പറഞ്ഞു. സംവിധായകൻ ആയത് ശ്രീനിവാസന്റെ ഒരു വാക്ക് കാരണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിന്റെ തിരക്കഥകൃത്ത് ആയിരുന്നു ശ്രീനിവാസൻ.

‘ശ്രീനിവാസൻ എന്ന എഴുത്തുകാരനാണ് ഒരു മറവത്തൂർ കനവിന്റെ വിജയത്തിന് കാരണം. രണ്ടു വർഷമാണ് ഞങ്ങൾ ആ സിനിമയുടെ സ്ക്രിപ്റ്റിങ്ങിനായി ചിലവഴിച്ചത്. രണ്ടു വർഷം ഞാൻ ശ്രീനിയേട്ടനോടൊപ്പം യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഒപ്പം ലൊക്കേഷനുകളിൽ പോയി. പലപ്പോഴും കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ എന്റെ അപ്പൻ കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥാനം കമൽ സാറിനാണ്’,

‘ശ്രീനിവാസൻ നൽകിയ ഒരു വാക്കാണ് ഞാൻ സംവിധായകൻ ആവാൻ കാരണം. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി അവസാന കാലഘട്ടത്തിൽ കല്യാണം കഴിഞ്ഞു. ആ സമയത്ത് കമൽ സാറിന് ഒരേ വർഷം ഉള്ളത് രണ്ടു സിനിമ ആയിരിക്കും. അന്ന് എന്റെ വാർഷിക വരുമാനം 6000, 7000 രൂപയാണ്. ആ കാലത്ത് രക്ഷപ്പെട്ടത് ഭാര്യക്ക് ജോലി ഉള്ളത് കൊണ്ടാണ്. അവൾ പ്രൈമറി സ്‌കൂൾ ടീച്ചറാണ്,’

‘ആ വിവാഹത്തിന് ശേഷം അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യാൻ തുടങ്ങി. അത് എനിക്ക് കൂടുതൽ മെച്ചപ്പെട്ട റവന്യു ഉണ്ടാക്കി തന്നു. ആ സമയത്താണ് വധു ഡോക്ടറാണ് എന്ന സിനിമയുടെ പ്രൊഡ്യൂസർ അലക്സ് എന്നോട് അവരുടെ അടുത്ത സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിക്കുന്നത്. മോഹിപ്പിക്കുന്ന ഒരു ചോദ്യമാണ്. പക്ഷെ ഞാൻ ബുദ്ധിപൂർവം അതിൽ നിന്ന് മാറി പോകാനാണ് ശ്രമിച്ചത്. കാരണം അപ്പോൾ കാര്യങ്ങൾ ഒന്ന് സ്മൂത്തായി വരുകയായിരുന്നു,’.

‘സിനിമാ ചെയ്ത് പരാജയപ്പെട്ടാൽ ആരും അസോസിയേറ്റ് ആയിട്ട് വിളിക്കില്ല. അത് വേണോന്ന് ആയിരുന്നു. അലെക്സിനോട് നോ പറയാൻ പറ്റില്ല. അപ്പോൾ ഞാൻ പറഞ്ഞു. സിനിമ ചെയ്യാൻ കുഴപ്പമില്ല. ഒന്നിലെങ്കിൽ ശ്രീനിവാസൻ, അല്ലെങ്കിൽ ലോഹിതദാസ്. ഇവരുടെ തിരക്കഥ ആ കാലത്തെ വലിയ സംവിധായകർക്ക് പോലും കിട്ടില്ലെന്ന് ഉറപ്പുള്ള കാര്യമാണ്. ഇവരുടെ തിരക്കഥ ആണെങ്കിലെ ഞാൻ ഈ പണിക്ക് ഇറങ്ങു എന്ന് പറഞ്ഞു’,

‘അലക്സ് ശ്രീനിയേട്ടനുമായുള്ള ബന്ധം വെച്ച് സംസാരിച്ചു. അടുത്ത സിനിമയ്ക്ക് തിരക്കഥ താരമൊന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു സംവിധായകൻ ആരാണെന്ന് നോക്കിയിട്ടെ തരൂ എന്ന് അദ്ദേഹം പറഞ്ഞു, ഈ പടത്തിന്റെ അസോസിയേറ്റ് ലാൽ ജോസിനെയാണ് ഉദ്ദേശിക്കുന്നതെന്ന്. അപ്പോൾ ശ്രീനിവാസൻ പറഞ്ഞ ഒരു വാക്കാണ് ഞാൻ സംവിധായകനാവാൻ കാരണം. അവനാണെങ്കിൽ ഞാൻ തരാം, അവന് പറ്റും എന്നാണ് പറഞ്ഞത്’,

‘അത് എന്ത് കൊണ്ടാണ് അദ്ദേഹം പറഞ്ഞത് എന്ന് അറിയില്ല. ശ്രീനിയേട്ടൻ അത് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തിച്ചത്. ശ്രീനിയേട്ടനെ പോലൊരാൾ എനിക്ക് സംവിധായകനാകാൻ പറ്റുമെന്ന് വിശ്വസിക്കുണ്ടെങ്കിൽ എനിക്ക് പറ്റിയേക്കുമെന്ന്. കമൽ സാറിനോട് പറഞ്ഞപ്പോൾ, നിനക്ക് ചെയ്യാൻ പറ്റും. നീ നേരത്തെ ചെയ്യേണ്ടിയത് ആയിരുന്നു എന്നാണ്. അദ്ദേഹത്തോടൊപ്പം ഞാൻ ഒമ്പത് വർഷം വർക്ക് ചെയ്തു. 16 സിനിമകൾ ചെയ്തു. അതിനിടയിൽ മറ്റു സംവിധായകർക്ക് ഒപ്പവും അസിസ്റ്റന്റ് ആയി. സാർ പറഞ്ഞു, നീ ലേറ്റായി. ശ്രീനിയെ വിടരുത്. പുള്ളി മറക്കുന്നതിന് മുൻപ് സ്ക്രിപ്റ്റ് ആക്കിക്കോളു എന്ന് പറഞ്ഞു’, ലാൽ ജോസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News