പിപ്പിടികള്‍ കണ്ട് ഭയപ്പെട്ട് പിന്മാറില്ല : മുഖ്യമന്ത്രി | Pinarayi Vijayan

കലാലയങ്ങളെ കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടികൾ കണ്ട് ഭയപ്പെട്ട് പിന്മാറില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

തർക്കങ്ങളിൽ അഭിരമിക്കാൻ സമയമില്ലെന്ന് മന്ത്രി ആർ ബിന്ദുവും പ്രതിപക്ഷ നേതാവിന് സങ്കുചിത നിലപാടെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു. ഗവർണർക്ക് പിന്നിൽ മറ്റ് താൽപര്യങ്ങളെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും വിമർശിച്ചു.

വർഗീയതയ്‌‌ക്ക്‌ അടിപ്പെടുന്ന ഹീന മനസുകളെ പൂർണമായും ഒറ്റപ്പെടുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മയക്കുമരുന്നിന്‌ മാത്രമല്ല വർഗീയതയ്‌ക്കും നമുക്കിടയിൽ സ്ഥാനമില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിക്കണം.

ദീപാവലി ദിവസം മത്സ്യമാംസാദികൾ ഭക്ഷിക്കുന്നവരെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കാൻ സംഘപരിവാർ ആർഎസ്‌എസ്‌ സംഘം രാജ്യത്തിന്റെ പലഭാഗങ്ങളിൽ ശ്രമിക്കുമ്പോൾ ഇവിടെ കേരളത്തിൽ ലഹരി മുക്ത നാടിനായി നാമൊന്നിച്ച്‌ ദീപം തെളിയിക്കുന്നു. ഈ കൂട്ടായ്‌മയിലൂടെ നമുക്ക്‌ വർഗീയതയെയും പുറത്താക്കാം.

രാജ്യത്തിന്‌ മുന്നിൽ ആപൽക്കരമായി വർഗീയത മാറുന്നു. രാജ്യത്തിന്റെ ഭരണാധികാരികൾ മതനിരപേക്ഷത ഇല്ലായ്‌മ ചെയ്‌ത്‌ വർഗീയതയെ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകുന്നതിന്‌ തയ്യാറാകുന്ന നിലപാടാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. ആർഎസ്‌എസ്‌ നയങ്ങളാണ്‌ ബിജെപി നടപ്പാക്കുന്നത്‌. ആർഎസ്‌എസ്‌ എല്ലാ ഘട്ടത്തിലും മതനിരപേക്ഷതയ്‌ക്ക്‌ എതിരാണ്‌. നമ്മുടെ രാജ്യത്തെ മതാതിഷ്‌ഠിതമാക്കി മാറ്റാൻ ശ്രമിക്കുന്നു.

ഗവർണർ അദ്ദേഹത്തിന്റെ ചുമതല നിർവഹിച്ചാൽ മതി,അല്ലാതെ ഇല്ലാത്ത അധികാരങ്ങളൊന്നും എടുത്തുപയോഗിക്കാമെന്ന് കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .മാധ്യമങ്ങളെ സിൻഡിക്കേറ്റ്‌ എന്ന്‌ വിളിച്ചില്ലെ, ഇറങ്ങിപോകാൻ പറഞ്ഞില്ലെ എന്നെല്ലാമാണ് പറയുന്നത്. ആരു പറഞ്ഞുവെന്നാണ്‌ പറയുന്നത്. ആ പരിപ്പൊന്നും ഇവിടെ വേവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്തസോടെ കാര്യങ്ങൾ പറയാൻ കഴിയുന്നവരാണ്‌ ഞങ്ങൾ. മെല്ലെ ഒന്നു തോണ്ടിക്കളയാമെന്ന്‌ വച്ചാൽ ആ തോണ്ടലൊന്നും ഏൽക്കില്ല. അധികാരത്തിന്‌ അപ്പുറത്തേക്ക്‌ ഒരിഞ്ച്‌ കടക്കാമെന്ന്‌ വിചാരിക്കേണ്ട. വ്യക്തിപരമായി ഒരുകാര്യവും ചെയ്യാൻ ഗവർണർക്ക്‌ അധികാരമില്ല. അതൊന്നും ഇവിടെ നടക്കില്ല. ഗവർണർക്ക്‌ എന്ത്‌ സംഭവിച്ചുവെന്ന്‌ പിടികിട്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News