എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ് | Eldhose Kunnappilly

എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസെടുത്തു. വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ് മർദ്ദിച്ചെന്ന മൊഴിയെത്തുടർന്നാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി.

അതിനിടെ ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകും. തെളിവുശേഖരണത്തിനായി എൽദോസിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ഹർജിയിൽ വ്യക്തമാക്കും.

ബലാൽസംഗം , വധശ്രമം എന്നിവയ്ക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് നിയമോപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ നടപടി
ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുക.

അന്വേഷണവുമായി സഹകരിക്കണമെന്നായിരുന്നു ജാമ്യവ്യവസ്ഥകളിൽ പ്രധാനം. എന്നാൽ ചോദ്യം ചെയ്യലുമായോ അന്വേഷണവുമായോ എൽദോസ് കുന്നപ്പിള്ളി സഹകരിക്കുന്നില്ല. മാത്രവുമല്ല ബലാൽസംഗത്തിനും വധശ്രമത്തിനും മതിയായ തെളിവുകളുണ്ട്. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി.

ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തീരുമാനം. എൽദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമെ ഈ കേസുമായി ബന്ധപ്പെട്ട തെളിവുശേഖരിക്കാൻ കഴിയു എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. അടുത്ത ദിവസം ഇത് സംബന്ധിച്ച അപ്പീൽ ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here