ലങ്കയെ 7 വിക്കറ്റിന് തകര്‍ത്ത് ഓസീസ്

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം.ശ്രീലങ്കയെ ഓസ്ട്രേലിയ 7 വിക്കറ്റിന് തോല്‍പിച്ചു. മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ശ്രീലങ്കയ്ക്കെതിരെ ഓസീസിന് ജയം ഒരുക്കിയത്.

സ്റ്റോയ്നിസ് 18 പന്തില്‍ 4 ബൗണ്ടറികളും അരഡസന്‍ സിക്സറുകളും ഉള്‍പ്പെടെ പുറത്താകാതെ 59 റണ്‍സെടുത്തു. ഈ മാസം 28ന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.

ലങ്ക ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു.അഞ്ചാമനായി ക്രീസിലെത്തി തകർത്തടിച്ച ഓൾറൗണ്ടർ മാർക്കസ് സ്‌റ്റോയ്‌നിസാണ് ഓസീസ് വിജയം വേഗത്തിലാക്കിയത്. വെറും 17 പന്തിൽ നിന്ന് അർധ സെഞ്ചുറി നേടിയ താരം 18 പന്തുകൾ നേരിട്ട് ആറ് സിക്‌സും നാല് ഫോറുമടക്കം 59 റൺസോടെ പുറത്താകാതെ നിന്നു.

ജയത്തോടൊപ്പം മികച്ച നെറ്റ് റൺറേറ്റും ആവശ്യമായിരുന്ന ഓസീസിന് തുണയായത് സ്‌റ്റോയ്‌നസിന്റെ ഇന്നിങ്‌സായിരുന്നു.വെടിക്കെട്ട് ഇന്നിങ്‌സോടെ ട്വന്റി 20-യിൽ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ അർധ സെഞ്ചുറിയെന്ന റെക്കോഡ് സ്‌റ്റോയ്‌നിസ് സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പിൽ പിറക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ചുറിയും കൂടിയാണ് സ്‌റ്റോയ്‌നിസിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

158 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് അഞ്ചാം ഓവറിൽ തന്നെ ഡേവിഡ് വാർണറെ (11) നഷ്ടമായി. സഹ ഓപ്പണറും ക്യാപ്റ്റനുമായ ഫിഞ്ചിന് സ്‌കോർ ഉയർത്താനും സാധിച്ചില്ല. 17 പന്തിൽ നിന്ന് 17 റൺസെടുത്ത മിച്ചൽ മാർഷും 12 പന്തിൽ നിന്ന് 23 റൺസടിച്ച ഗ്ലെൻ മാക്‌സ്‌വെല്ലുമാണ് ഓസീസ് സ്‌കോറിങ് അൽപമെങ്കിലും വേഗത്തിലാക്കിയത്. എന്നാൽ ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സ്‌റ്റോയ്‌നിസ് മത്സരം ഒറ്റയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഫിഞ്ച് 42 പന്തിൽ നിന്ന് 31 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തിരുന്നു.

ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടേത് മോശം തുടക്കമായിരുന്നു. രണ്ടാം ഓവറിൽ തന്നെ സ്‌കോർ ഉയർത്താൻ കെൽപ്പുണ്ടായിരുന്ന കുശാൽ മെൻഡിസ് (5) പാറ്റ് കമ്മിൻസിന്റെ പന്തിൽ വീണു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച പഥും നിസ്സങ്ക – ധനഞ്ജയ ഡിസിൽവ സഖ്യം 69 റൺസ് കൂട്ടിച്ചേർത്തെങ്കിലു സ്‌കോറിങ് വേഗം കുറഞ്ഞു. 23 പന്തിൽ നിന്ന് 26 റൺസെടുത്ത ഡിസിൽവയെ 12-ാം ഓവറിൽ ആഷ്ടൺ അഗർ മടക്കി. പിന്നാലെ നിസ്സങ്ക റണ്ണൗട്ടായി. 45 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 40 റൺസെടുത്ത നിസ്സങ്കയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറർ.

തുടർന്ന് സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ഭാനുക രജപക്‌സ (7), ക്യാപ്റ്റൻ ദസുൻ ഷാനക (3) എന്നിവരെ ലങ്കയ്ക്ക് നഷ്ടമായി. പിന്നാലെ വാനിന്ദു ഹസരംഗയേയും (1) അവർക്ക് നഷ്ടമായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ ലങ്കൻ സ്‌കോറിങ്ങിന്റെ വേഗവും കുറഞ്ഞു.

എന്നാൽ 25 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സുമടക്കം 39 റൺസെടുത്ത് പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കൻ സ്‌കോർ 150 കടത്തിയത്. ഏഴു പന്തിൽ നിന്ന് 14 റൺസെടുത്ത ചാമിക കരുണരത്‌നെ, അസലങ്കയ്ക്ക് മികച്ച പിന്തുണ നൽകി. പാറ്റ് കമ്മിൻസ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News