പ്രതിപക്ഷ നേതാവ്‌ ആർഎസ്‌എസിന്റെ അനുബന്ധമായി മാറി : എം വി ഗോവിന്ദൻ മാസ്റ്റര്‍

ഗവർണറുടെ നടപടിയെ പിന്തുണയ്‌ക്കുക വഴി ആർഎസ്‌എസിന്റെയും ഹിന്ദുവർഗീയവാദത്തിന്റെയും അനുബന്ധമായി മാറുന്നു എന്ന പ്രഖ്യാപനമാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ നടത്തിയതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു. സംഘപരിവാർ അജൻഡ നടപ്പാക്കുന്ന ഗവർണറുടെ നീക്കങ്ങൾക്കെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ വർഗീയ നിലപാടിനെ ഉളുപ്പില്ലാതെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്‌ ഇന്നെല്ലെങ്കിൽ നാളെ മതനിരപേക്ഷ ഉള്ളടക്കത്തിലേക്കെത്തി നിലപാട്‌ തിരുത്തേണ്ടിവരും.ഗവർണറുമായി ലിങ്കുണ്ടാക്കിയ പ്രധാന വിഭാഗം സേവ്‌ യൂണിവേഴ്‌സിറ്റി ഫോറം എന്ന കടലാസ്‌ സംഘടനയാണ്‌. അതിൽ കോൺഗ്രസും ബിജെപിയും അതിതീവ്രത പറയുന്ന മറ്റു പലരും പ്രതിപക്ഷ നേതാവുമുണ്ട്‌.

പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെ യുഡിഎഫിൽ കലാപക്കൊടി ഉയർന്നിട്ടുണ്ട്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ പോലും കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ല. എന്നാൽ, ഗവർണറെ പിന്തുണച്ച പ്രതിപക്ഷ നേതാവിനെ ലീഗിന്‌ തള്ളിപ്പറയേണ്ടിവന്നു.കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ശൃംഖലയെ തകർക്കാൻ ആർഎസ്‌എസിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്‌ ഗവർണർ.

തന്റെ പത്രസമ്മേളനത്തിൽ നിന്ന്‌ ചില മാധ്യമങ്ങളെ ഒഴിവാക്കിയ ഗവർണറുടെ നടപടി ഫാസിസമാണ്‌. ഇങ്ങോട്ടു ഒന്നും ചോദിക്കാത്ത, താൻ പറയുന്നതുമാത്രം കേൾക്കുന്ന മാധ്യമങ്ങളെ മാത്രമാണ്‌ ഗവർണർ അനുവദിച്ചത്‌. അതിന്‌ വഴങ്ങിക്കൊടുക്കാൻ തയ്യാറായി ഒരു മനസാക്ഷി കുത്തുമില്ലാതെ ഗവർണറുടെ പത്രസമ്മേളനം മറ്റുള്ളവർ കേട്ടുനിന്നു.

വലിയ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും പറയുന്ന ചില മാധ്യമങ്ങളാണ്‌ ഗവർണുടെ നടപടിക്ക്‌ കൂട്ടുനിന്നത്‌. ആർഎസ്‌എസുകാരെ വിസിമാരാക്കാൻ ഗവർണർ പുറപ്പെട്ടാൽ അത്‌ നടപ്പാക്കുന്ന സംസ്ഥാനമായി കേരളം നിന്നുകൊടുക്കില്ല. രാജാവെന്ന്‌ നടിച്ച്‌ എന്തുകാര്യവും നടപ്പാക്കാമെന്ന്‌ ധരിച്ച്‌ ഇറങ്ങിപ്പുറപ്പെട്ട നിരവധി പേരുടെ മുൻഅനുഭവം ഗവർണർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News