ഷിൻഡെ ക്യാമ്പിൽ അതൃപ്തി; 22 എംഎൽഎമാർ ബിജെപിയിലേക്ക് ചാടുമെന്ന് ശിവസേന – ഉദ്ധവ് പക്ഷം

മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്തിൽ നേരിട്ട പരാജയം കൂടാതെ മന്ത്രിയാകാൻ കഴിയാതെ തുടരുന്ന വലിയ വിഭാഗമാണ് ഷിൻഡെ ക്യാമ്പിൽ അതൃപ്തിയിൽ കഴിയുന്നത്.

22 എംഎൽഎമാർ അസന്തുഷ്ടരാണെന്നും ഉടൻ ബിജെപിയിൽ ചേരുമെന്നുമാണ് ശിവസേന മുഖപത്രമായ സാമ്‌നയുടെ പ്രതിവാര കോളത്തിൽ അവകാശപ്പെടുന്നത്. മഹാരാഷ്ട്രയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഷിൻഡെ പക്ഷത്തിന് വളരെ കുറവ് സീറ്റുകളാണ് ലഭിച്ചത്. അണികൾ ഇപ്പോഴും ഉദ്ധവ് താക്കറെയോടൊപ്പമാണെന്ന സൂചനകളാണ് തിരഞ്ഞെടുപ്പ് നൽകിയത്. ഇതോടെ അധികാരം കിട്ടാതെ അസന്തുഷ്ടരായി തുടരുന്ന ഷിൻഡെ പക്ഷത്തെ വലിയൊരു വിഭാഗം എം എൽ എ മാർ ബിജെപിയിലേക്ക് കൂറ് മാറിയേക്കുമെന്ന വിവരങ്ങളാണ് സേന മുഖപത്രമായ സാമ്‌ന പുറത്ത് വിട്ടിരിക്കുന്നത്.

ഏക്‌നാഥ് ഷിൻഡെക്ക് നൽകിയ മുഖ്യമന്ത്രി കുപ്പായം താൽക്കാലികമാണെന്നും എപ്പോൾ വേണമെങ്കിലും അഴിച്ചെടുക്കുമെന്നും സാമ്‌ന പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെയെ തിരഞ്ഞെടുത്തത് ബിജെപിയുടെ താത്കാലിക ക്രമീകരണമാണെന്നും താക്കറെ പക്ഷം ശിവസേയുടെ മുഖപത്രം വെളിപ്പെടുത്തുന്നു.

അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ നിർത്തേണ്ടതായിരുന്നുവെന്നും ഇത് തന്ത്രപരമായി ഒഴിവാക്കിയത് ബിജെപിയാണെന്നും പത്രം പരാമർശിച്ചു. ഷിൻഡെയെ ബിജെപി സ്വന്തം നേട്ടത്തിനായി മാത്രം ഉപയോഗിക്കയാണെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.

കാലവർഷക്കെടുതിയും വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും തൊഴിലില്ലായ്മയും മൂലം ദുരിതമനുഭവിക്കുകയാണ് സംസ്ഥാനത്തെ കർഷകരെന്നും ശിവസേന മുഖപത്രം പറഞ്ഞു. അതുകൊണ്ട് ഭരണാധികാരികൾക്ക് മാത്രമായിരുന്നു ഇക്കുറി ദീപാവലി ആഘോഷങ്ങളെന്നും ശിവസേന കുറ്റപ്പെടുത്തി . മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാൻ കുതിരക്കച്ചവടം നടത്തി വിമത എംഎൽഎമാരുടെ പോക്കറ്റുകൾ നിറച്ചതെല്ലാം മഹാരാഷ്ട്രയിലെ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാവില്ലെന്നും ശിവസേന ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here