ADVERTISEMENT
ഒരുപാട് ജീവിതങ്ങളെ തീരാദുരിതത്തിലാക്കിക്കൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് നിവിന്‍പോളി ചിത്രം പടവെട്ട്. ദീപാവലി റിലീസായെത്തി, തീയറ്ററുകളില്‍ ഇടിവെട്ടായി മാറുകയാണ് പടവെട്ട്.
നിലനില്‍പ്പിനായി വ്യവസ്ഥിതിയോടുള്ള പോരാട്ടമാണ് നവാഗതനായ ലിജു കൃഷ്ണ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത പടവെട്ട്. കാലിക പ്രസക്തിയുള്ള ചിത്രങ്ങള്‍ക്ക് എപ്പോഴും മലയാളം സിനിമയില്‍ പ്രാധാന്യം ലഭിക്കാറുണ്ട്. അത്തരത്തില്‍ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം കൈകാര്യം ചെയ്യുകയാണ് പടവെട്ട്. ഉത്തരമലബാറിലെ മാലൂര്‍ ഗ്രാമത്തിന്റെ മണ്ണില്‍ച്ചവിട്ടി കഥാനായകന്‍ രവി പടവെട്ട് തുടരുകയാണ്. സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ നുഴഞ്ഞുകയറുന്ന അധികാരത്തിന്റേയും അതീശത്വത്തിന്റെയും വ്യവസ്ഥിതികളോടുള്ള ചെറുത്തുനില്‍പ്പിന്റെ പോരാട്ടം.
ശരീരത്തേക്കാളേറെ മനസ്സിനെ ബാധിച്ച വിരസത നയിക്കുന്ന രവിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇത്തരമൊരു കഥാപാത്രം എങ്ങനെയാണ് സിനിമയിലെ നായകനാവുക എന്ന ചിന്ത സ്വാഭാവികം. എന്നാല്‍ രവി ഒരു വ്യക്തി മാത്രമല്ല. ഉള്ളിന്റെ ഉള്ളില്‍ തിളച്ചുമറിയുന്ന ലാവയുണ്ടായിട്ടും, പ്രതികരണ ശേഷി അടക്കിവച്ച് ജീവിക്കുന്ന, വ്യക്തിത്വം പണയംവച്ച ഏതൊരു മനുഷ്യന്റെയും പ്രതിനിധി മാത്രമാണ്. വ്യക്തി, വ്യവസ്ഥിതി എന്നിങ്ങനെ രണ്ട് തട്ടുകള്‍ തൂക്കിയ തുലാസ്സാണ് ‘പടവെട്ട്’.
കൃത്യമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കാന്‍ പടവെട്ടിനാകുന്നുണ്ട്. പ്രകൃതി ചൂഷണം ഒരു മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പടവെട്ടിന്റെ പ്രമേയം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ശരീരഭാഷകൊണ്ടും പ്രകടനം കൊണ്ടും നിവിന്‍ പോളി രവിയെ മികച്ചതാക്കി. പ്രധാന കഥാപാത്രങ്ങളില്‍ തുടങ്ങി കുറച്ച് നേരം മാത്രം സ്‌ക്രീനിലെത്തുന്ന അഭിനേതാക്കള്‍ പോലും ചിത്രത്തില്‍ കൈയടി നേടുന്നുണ്ട്.
ഷൈന്‍ ടോം ചാക്കോ, നിര്‍മ്മാതാവ് കൂടിയായ സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ ദൈര്‍ഖ്യമേറിയതല്ലാത്ത കഥാപാത്രങ്ങള്‍ സിനിമയില്‍ ശ്രദ്ധേയമാണ്. ഗൗരവമുള്ള ഉള്ളടക്കം അവതരിപ്പിക്കുമ്പോള്‍ത്തന്നെ ഒരു എന്റര്‍ടെയ്‌നര്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകരോടുള്ള ഉത്തരവാദിത്തവും പടവെട്ട് നിറവേറ്റുന്നു. വ്യവസ്ഥിതിയോട് പടവെട്ടി, ചെറുത്തുനില്‍പിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയാണ് പടവെട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.