
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് എന്തെങ്കിലും കാര്യമുണ്ടോ . പേരിൽ കാര്യമുണ്ടെന്ന് തെളിയിക്കുകയാണ് അഷ്റഫ് എന്ന പേരുള്ളവരുടെ സൗഹൃദ കൂട്ടായ്മ. സംസ്ഥാനത്തും പുറത്തും വിദേശത്തും ശാഖകളുള്ള ഈ കൂട്ടായ്മ നിർദ്ധനർക്ക് ചികിത്സാ സഹായം ഉൾപ്പെടെ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു മാതൃകയാവുകയാണ്. കൂട്ടായ്മയുടെ നല്ല മനസ്സിൻ്റെ മികച്ച മാതൃകയാണ് വാരപ്പെട്ടി കവലയിലെ ഈ ചായക്കട.
എറണാകുളം പുതുപ്പാടി വാരപ്പെട്ടി കവലയ്ക്ക് സമീപം ദേശീയപാതയോരത്താണ് ചിറ്റാട്ട് അഷ്റഫിന്റെ പലഹാരപീടിക. രുചികരമായ പലഹാരങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ കിട്ടും. ഇനി കൈവശം പണമില്ലെങ്കിലും ആശങ്ക വേണ്ട . ആരും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ അർഹരായവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നു എന്നതാണ് അഷ്റഫിന്റെ പീടിക വേറിട്ടതാക്കുന്നത്. ലോകമെങ്ങും വേരുകളുള്ള അഷറഫ് കൂട്ടായ്മയിൽ പിറന്ന ആശയമാണിത്. കൂട്ടായ്മയുടെ ജില്ലാ സെക്രട്ടറിയായ സി എം അഷ്റഫാണ് ഈ കടയുടെ ഉടമ. ഇങ്ങനെ മനസ്സിൽ കനിവിൻ്റെ ഉറവ വറ്റാത്ത ഏതെങ്കിലും ഒരു അഷറഫ് സഹജീവികൾക്കുള്ള കരുതലുമായി പലയിടങ്ങളിൽ പല രൂപത്തിൽ സജീവമാണ്.
എല്ലാറ്റിൻ്റെയും തുടക്കം അഷറഫ് എന്ന പേരിൽ നിന്നാണ് .പേരിന്റെ പേരിൽ ഒത്തുചേർന്ന ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ. നിർധനരായ രോഗികൾക്ക് ചികിത്സ സഹായവും ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള സഹായവും അഷ്റഫ് പേരുകാരിൽ നിന്ന് സ്വരൂപിച്ചു നൽകുന്നു.
ചെറുപ്പത്തിൽ താൻ അനുഭവിച്ച ദാരിദ്ര്യവും പട്ടിണിയും വേദനയും ആണ് പ്രചോദനമെന്ന് അഷ്റഫ് . നാലുവർഷമായി പാതയോരത്ത് പ്രവർത്തിക്കുന്ന ഈ പലഹാരപീടികയിൽ നല്ല കാര്യങ്ങൾക്കെല്ലാം പിന്തുണയുമായി ഭാര്യ അലീമയുമുണ്ട്. പേര് അഷറഫ് എന്നല്ലെങ്കിലും മനസ്സ് കൊണ്ട് കൂട്ടായ്മയുടെ ഭാഗമാണ് ഈ വീട്ടമ്മയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here