K Rajan: നവംബര്‍ ഒന്നിന് ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ ആരംഭിക്കും: മന്ത്രി കെ രാജന്‍

നവംബര്‍ ഒന്നിന് വിപുലമായ ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജന്‍(K Rajan). 10 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി തുടക്കം കുറിക്കും. 4 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. അതേസമയം, ഈ രാജ്യത്തിന് ഭരണഘടനയുണ്ടെന്നും അതല്ലാതെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണറായാലും ആരായാലും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഉദ്ഘാടനം ബഹു.കേരള മുഖ്യമന്ത്രി കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് തിരുവനന്തപുരം ടാഗോര്‍ തിയ്യറ്ററില്‍ നടക്കുന്ന പരിപാടിയില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തില്‍ ആദ്യമായാണ് കേരളം പൂര്‍ണ്ണമായും അളക്കുന്ന നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. 4 വര്‍ഷം കൊണ്ട് റീസര്‍വ്വെ പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് റീസര്‍വെ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തികൊണ്ട് ”എന്റെ ഭൂമി എന്ന പേരില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വെ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബില്‍ഡ് കേരള ഇനിഷിയേറ്റീവില്‍ നിന്നും സര്‍വെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍വെയും ഭൂരേഖയും വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ അപര്യാപ്തമാണ്. ഇതിന് പരിഹാരമായി വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സര്‍വെയര്‍മാരും, 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച് സര്‍വെ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കും. കരാര്‍ അടിസ്ഥാനത്തില്‍ സര്‍വെയര്‍മാരെ നിയോഗിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ പൂര്‍ത്തിയാക്കി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ നടത്തുന്നതിനുള്ള നടപടികള്‍ പുരോഗതിയിലുമാണ്.

അണ്‍ സര്‍വെയ്ഡ് വില്ലേജുകള്‍, നാളിതുവരെ റീസര്‍വെ പൂര്‍ത്തിയാകാത്ത വില്ലേജുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കുന്നതിനാണ് നിലവില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും, നാലാം വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
അത്യാധുനിക സര്‍വെ ഉപകരണങ്ങളായ Real Time Kinematic (RTK) Rover, Robotic Total Station, Tablet PC എന്നിവ ലഭ്യമാക്കി ടി ഉപകരണങ്ങളെ Continuously Operating Reference Station (CORS) എന്ന GPS Network ന്റെ പരിധിക്കുള്ളില്‍ പ്രവര്‍ത്തിപ്പിച്ച് ഏകീകൃതമായി ഡിജിറ്റല്‍ സര്‍വെ നടത്തുന്നതിനും ടി നടപടികള്‍ പൂര്‍ണ്ണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായി നിര്‍വ്വഹിക്കുന്നതിനുമാണ് ഉദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ 70 ശതമാനം വരെ സ്ഥലങ്ങളില്‍ RTK റോവര്‍ മെഷീന്റെ സഹായത്താലും, താരതമ്യേന സാറ്റലൈറ്റ് സിഗ്നലുകള്‍ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ മെഷീനുകളും, ഏറ്റവും തുറസ്സായ 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സര്‍വെക്കായി ഉപയോഗിക്കും. സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് സംസ്ഥാനത്താകെയായി 28 COR സ്റ്റേഷനുകളാണ് ആവശ്യമായിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി COR സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
CORS കണ്‍ട്രോള്‍ സെന്ററിന്റെ നിര്‍മ്മാണ ജോലികള്‍ സര്‍വെ ഡയറക്ടറേറ്റില്‍ പുരോഗതിയിലാണ്. കണ്‍ട്രോള്‍ സെന്ററില്‍ സ്ഥാപിക്കേണ്ട ഉപകരണങ്ങള്‍ കണ്‍ട്രോള്‍ സെന്ററില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും.
റീസര്‍വെ നടപടിക്രമങ്ങളിലെ മുന്‍കാല അനുഭവങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ വരാത്ത വിധം നൂതന സര്‍വെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും IT അധിഷ്ടിതമായി സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ആരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ‘എന്റെ ഭൂമി” എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സര്‍വെയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സര്‍വെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പോര്‍ട്ടല്‍ മുഖേന അറിയാന്‍ സാധിക്കുന്നതാണ്.

സര്‍വെ, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഒരു ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ, കാലഘട്ടത്തിനനുസൃതമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കും എന്നതാണ് ഈ ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ പ്രധാന സവിശേഷത. ഇനിയൊരു റീസര്‍വെ ആവശ്യമില്ലാത്ത വിധം സര്‍വെ റിക്കാര്‍ഡുകള്‍ കാലാഹരണപ്പെടാതെ നാളതീകരിച്ച് പരിപാലിക്കാന്‍ സാധിക്കുമെന്നതും, ഭൂരേഖകള്‍ എല്ലാം പൂര്‍ണ്ണമായും IT അധിഷ്ഠിത സേവനമായി രൂപാന്തരപ്പെടുത്തുന്നതിലുടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പുകള്‍ക്ക് വിപ്ലവകരമായ രീതിയില്‍ ആക്കം കൂട്ടാന്‍ സാധിക്കുമെന്നതും ഈ ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ പ്രധാനപ്പെട്ട നേട്ടങ്ങളാണ്.

ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ഭാഗമായി റവന്യൂ ഭരണത്തിനാവശ്യമായ വിവരങ്ങള്‍ കൂടാതെ കേരളത്തിന്റെ ഭൂപ്രകൃതി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും പ്രയോജനകരമാംവിധം സമഗ്രമായ ഒരു GIS ഡാറ്റാബേസ് കൂടി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നതിന് ലക്ഷ്യമിടുന്നു. സ്വന്തം ഭൂമിയുടെ കൃത്യമായ അളവും, തര്‍ക്കമില്ലാത്ത അവകാശവും ഒരു പൌരന്റെ അവകാശമാണ്. ഇത്തരത്തില്‍ ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോടെ കൂടിയുള്ള അളവും ഡിജിറ്റല്‍ സര്‍വെയിലൂടെ ലഭ്യമാക്കണമെങ്കില്‍ ഭൂവുടമകളുടെ പങ്കാളിത്തവും സഹകരണവും അനിവാര്യമാണ്. ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച നടപടികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ബഹുജന പങ്കാളിത്തത്തോടെയാണ് ഡിജിറ്റല്‍ സര്‍വെ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് പൂര്‍ത്തിയാക്കുന്നതിന് സര്‍വെയ്ക്ക് മുന്നോടിയായി തങ്ങളുടെ ഭൂമിയുടെ അതിര്‍ത്തികള്‍ വ്യക്തമായി കാണുന്നവിധം തെളിച്ചിടുക, അതിര്‍ത്തികളില്‍ വ്യക്തമായ അടയാളങ്ങള്‍ ഇല്ലാത്ത പക്ഷം സര്‍വെ തീയതിക്ക് മുമ്പ് തന്നെ സ്ഥാപിക്കുക തുടങ്ങിയ നടപടികള്‍ സര്‍വെയ്ക്ക് മുന്നോടിയായി നടത്തുന്നതിന് പൊതുജന പങ്കാളിത്തം ആവശ്യമാണ്. ഭൂവുടമസ്ഥരുടെ സാന്നിധ്യമില്ലാതെ സര്‍വെ നടത്തിയതും സര്‍വെ നടത്തി ദീര്‍ഘകാലത്തിന് ശേഷം സര്‍വെ റിക്കാര്‍ഡുകള്‍ പരസ്യപ്പെടുത്തി നടപടികള്‍ സ്വീകരിച്ചതും കാരണം നിരവധി ഭൂപരാതികള്‍ക്ക് കാരണമായിട്ടുണ്ട്. ആയതിനാല്‍ ഡിജിറ്റല്‍ സര്‍വെയില്‍ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തന്നെ സര്‍വെ നടത്തുന്നതും ഫീല്‍ഡില്‍ വച്ചു തന്നെ മാപ്പുകള്‍ തയ്യാറാക്കുന്ന വിധത്തില്‍ പൂര്‍ണ്ണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായാണ് ഡിജിറ്റല്‍ സര്‍വെ നടത്തുന്നത്. ഡിജിറ്റല്‍ സര്‍വെ സംബന്ധിച്ച നടപടികള്‍ പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും, പൊതു ജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി ആദ്യഘട്ട സര്‍വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ള സംസ്ഥാനത്തൊട്ടാകെയുള്ള 200 വില്ലേജുകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമ സഭകള്‍ക്ക് സമാനമായ രീതിയില്‍ സര്‍വെ സഭകള്‍ സംഘടിപ്പിച്ചു. ഡിജിറ്റല്‍ സര്‍വെയുടെ പ്രാധാന്യവും, പദ്ധതിയില്‍ ജനങ്ങളുടെ പങ്കും, ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ ഗുണങ്ങളും വിശദീകരിച്ച് വ്യക്തമായ മാര്‍ഗ്ഗ രേഖയും സര്‍വെ സഭകളില്‍ നല്‍കിയിട്ടുണ്ട്. സര്‍വെ സഭകള്‍ക്ക് ലഭിച്ച വന്‍ ജന പങ്കാളിത്തം തന്നെ ഡിജിറ്റല്‍ സര്‍വെ പദ്ധതിയെ ജനങ്ങള്‍ ഉള്‍ക്കൊണ്ടു എന്നതിന്റെ തെളിവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News