മന്ത്രിമാര്‍ക്കെതിരായ ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം | Governor

സർവകലാശാലകളെ കാവിവത്ക്കരിക്കാനും ജനാധിപത്യ സർക്കാരിനെ അസ്ഥിരപ്പെടുത്താനുമുള്ള ഗവർണറുടെ നീക്കത്തിനെതിരെ വിമര്‍ശനം കടുക്കുന്നു. ഗവർണറുടെ നീക്കത്തിനെതിരെ ഇടത് സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. നിലപാടിൽ പൊരുത്തമില്ലാതെ കോൺഗ്രസ് നേതാക്കൾ. രാജ്ഭവന്‍റെ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.

ഇകഴ്‌ത്തി പ്രതികാരം ; സംഘപരിവാർ പയറ്റുന്നത്‌ ഗൂഢതന്ത്രം

പച്ചക്കള്ളവും വെറുപ്പും വർഗീയതയും വിദ്വേഷ പ്രസംഗങ്ങളും തരംപോലെ പയറ്റിയിട്ടും കാലുറപ്പിക്കാനിടം നൽകാത്ത കേരളത്തെ നിരന്തരം ആക്ഷേപിക്കുന്നത്‌ സംഘപരിവാറിന്റെ ഗൂഢതന്ത്രം.കേരളത്തിലെ സ്ഥിതി സൊമാലിയയേക്കാൾ മോശമാണെന്ന്‌ ആക്ഷേപിച്ച്‌ 2016ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ആദ്യവെടി പൊട്ടിച്ചത്‌. കേന്ദ്രമന്ത്രിയായിരുന്ന മനേക ഗാന്ധി മലപ്പുറം ജില്ലയെ ഇകഴ്‌ത്തി സംസാരിച്ചു.

കഴിഞ്ഞ സെപ്‌തംബറിൽ തിരുവനന്തപുരം സന്ദർശിച്ച ബിജെപി ദേശീയ പ്രസിഡന്റ്‌ ജെ പി നദ്ദ കേരളം തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നായിരുന്നു ആരോപിച്ചത്‌. എൽഡിഎഫ്‌ സർക്കാർ ‘ഇസ്ലാമിക ഭീകരവാദ’ത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു ബിജെപിയുടെ കോഴിക്കോട്ടെ പൊതുയോഗത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം.

ആർഎസ്‌എസ്‌ പ്രസിദ്ധീകരണമായ പാഞ്ചജന്യമാകട്ടെ കേരളത്തെ മോശമായി ചിത്രീകരിച്ച്‌ തുടർ ലേഖനങ്ങളെഴുതി. സംഘപരിവാർ സംഘടനകൾ ആസൂത്രിതമായി സമൂഹമാധ്യമങ്ങൾ വഴി കേരളത്തെക്കുറിച്ച്‌ അങ്ങേയറ്റം ഹീനമായ പ്രചാരണവും ഏറ്റെടുക്കുന്നു. നട്ടാൽ കുരുക്കാത്ത നുണകളാണ്‌ ഇതുവഴി പടച്ചുവിടുന്ന പലതും.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ബിജെപി അംഗങ്ങൾ പലപ്പോഴും പാർലമെന്റിൽപോലും കേരളത്തെക്കുറിച്ച്‌ അപവാദസ്വരത്തിലാണ്‌ സംസാരിക്കുന്നത്‌. ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ, ഒരു ആവശ്യവുമില്ലാതെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കേരളത്തെ അപമാനിച്ച്‌ പരാമർശം നടത്തി.

ഇതെല്ലാം ഏറ്റുപിടിക്കുകയോ, അതിന്‌ ഒരു പടികൂടി കടന്ന്‌ അമിത ആർഎസ്‌എസ്‌ വിധേയത്വം പ്രകടിപ്പിക്കാനുള്ള അവസരമായി, ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനും ഇതേ ശൈലി പിന്തുടരുന്നു. മദ്യവും ഭാഗ്യക്കുറിയുമാണ്‌ കേരളത്തിന്റെ മുഖ്യവരുമാനമാർഗങ്ങളെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഒരുദാഹരണം മാത്രം.

കേരളത്തിലെ മന്ത്രിമാർക്ക്‌ വിദ്യാഭ്യാസയോഗ്യതയില്ലെന്ന ഗവർണറുടെ വിചിത്രമായ ആരോപണവും ഈ പശ്‌ചാത്തലത്തിലാണ്‌. നിതി ആയോഗ്‌, ആഭ്യന്തരമന്ത്രാലയം, കുടുംബക്ഷേമമന്ത്രാലയം, രജിസ്‌ട്രാർ ജനറൽ എന്നിവയുടെ റിപ്പോർട്ടുകളിലെല്ലാം കേരളം രാജ്യത്ത്‌ ഒന്നാം സ്ഥാനത്താണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like