രണ്ടാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും | twenty-20 world cup

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ-12 ൽ തുടർച്ചയായ രണ്ടാം ജയം തേടി ടീംഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് 12:30 ന് സിഡ്നിയിലാണ് മത്സരം.

പാകിസ്ഥാന്റെ അഗ്‌നിപരീക്ഷ ജയിച്ചെത്തുന്ന ഇന്ത്യ ഇന്ന്‌ നെതർലൻഡ്‌സിനോട്‌. ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പർ 12ലെ രണ്ടാംകളിയിൽ അനായാസ ജയമാണ്‌ രോഹിത്‌ ശർമയും സംഘവും കൊതിക്കുന്നത്‌.

വിരാട്‌ കോഹ്‌ലിയുടെ ഉജ്വല ഇന്നിങ്‌സിൽ അവസാന പന്തിലായിരുന്നു പാകിസ്ഥാനെതിരായ ജയം. സമ്മർദം നിറഞ്ഞ മത്സരത്തിനുശേഷം താരതമ്യേന എളുപ്പക്കാരായ നെതർലൻഡ്‌സിനെ നേരിടുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ. സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ പകൽ പന്ത്രണ്ടരയ്‌ക്കാണ്‌ മത്സരം.

മികച്ച തുടക്കം തുടരുക എന്നതാണ്‌ ഇന്ത്യയുടെ ലക്ഷ്യം. ടീമിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ആർ അശ്വിനുപകരം യുശ്‌വേന്ദ്ര ചഹാലിനെ പരിഗണിക്കുമോ എന്നതാണ്‌ കണ്ടറിയേണ്ടത്‌. ഓപ്പണിങ് കൂട്ടുകെട്ടിൽ രോഹിതും ലോകേഷ്‌ രാഹുലും തിളങ്ങാത്തത്‌ തലവേദനയാണ്‌.ഇരുവർക്കും തെളിയാനുള്ള അവസരംകൂടിയാണിന്ന്‌. ഓൾറൗണ്ടറായി എത്തിയ അക്‌സർ പട്ടേലിനും മികവ്‌ കാട്ടേണ്ടതുണ്ട്‌. കോഹ്‌ലിയുടെ ഫോം നൽകുന്ന ബലം ചെറുതല്ല.

ഗ്രൂപ്പ്‌ ഘട്ടം കടന്നാണ്‌ നെതർലൻഡ്‌സ്‌ എത്തുന്നത്‌. എട്ട്‌ വർഷത്തിനുശേഷം ആദ്യമായാണ്‌ ലോകകപ്പിൽ പ്രധാന റൗണ്ടിൽ ഇടംപിടിക്കുന്നത്‌. സൂപ്പർ 12ലെ ഏക അസോസിയറ്റ്‌ ടീമാണ്‌ സ്‌കോട്‌ എഡ്വേർഡ്‌സ്‌ നയിക്കുന്ന ഡച്ച്‌ പട. ബംഗ്ലാദേശിനോട്‌ ഒമ്പത്‌ റണ്ണിന്‌ തോറ്റാണ്‌ ഇന്ത്യക്കെതിരായ വരവ്‌. ഇരുപത്തിരണ്ടുകാരൻ ഓൾറൗണ്ടർ ബാസ്‌ ഡെ ലീഡെയാണ്‌ പ്രധാനതാരം. ഇടംകൈയൻ പേസർമാരായ ഫ്രെഡ്‌ ക്ലാസെൻ, ടിം പ്രിങ്കിൾ, ഷാരിസ്‌ അഹമ്മദ്‌ എന്നിവരിലും പ്രതീക്ഷവയ്ക്കുന്നു.

ട്വന്റി 20യിൽ ഇരുടീമുകളും ആദ്യമായാണ്‌ ഏറ്റുമുട്ടുന്നത്‌. 2003ലും 2011ലും ഏകദിന ലോകകപ്പിൽ ഇന്ത്യ നെതർലൻഡ്‌സിനെ വീഴ്‌ത്തിയിരുന്നു. സിഡ്‌നിയിൽ മഴ വില്ലനാകില്ലെന്നാണ്‌ സൂചന. ബാറ്റർമാർക്കും സ്‌പിന്നർമാർക്കും ഒരുപോലെ മേധാവിത്വം കിട്ടുന്ന പിച്ചാണ്‌.

ഇന്ത്യ: 
രോഹിത്‌ ശർമ (ക്യാപ്‌റ്റൻ), ലോകേഷ്‌ രാഹുൽ, വിരാട്‌ കോഹ്‌ലി, സൂര്യകുമാർ യാദവ്‌, ഹാർദിക്‌ പാണ്ഡ്യ, ദിനേശ്‌ കാർത്തിക്‌, അക്‌സർ പട്ടേൽ, ആർ അശ്വിൻ/യുശ്‌വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ്‌ ഷമി, അർഷ്‌ദീപ്‌ സിങ്‌.

നെതർലൻഡ്‌സ്‌: 
വിക്രംജിത്‌ സിങ്‌, മാക്‌സ്‌ ഒഡൗഡ്‌, ബാസ്‌ ഡെ ലീഡെ, കോളിൻ അകെർമാൻ, ടോം കൂപർ, സ്‌കോട്‌ എഡ്വേർഡ്‌സ്‌ (ക്യാപ്‌റ്റൻ), ടിം പ്രിങ്കിൾ, ലോഗൻ വാൻ ബീക്‌, ഷാരിസ്‌ അഹമ്മദ്‌, ഫ്രെഡ്‌ ക്ലാസെൻ, പോൾ വാൻ മീകെറെൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News