സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി | High Court

സമുദായസംഘടനകളുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഇതിനായി വനം റവന്യൂ വകുപ്പുകളെ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചില സംഘടനകളുടെ പല ഭൂമി ഇടപാടുകളും സംശയാസ്പദമെന്നും കോടതി പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

സീറോ മലബാര്‍ സഭാഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലെ ഒരു ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. വിചാരണ നേരിടണമെന്ന കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സോമരാജന്റെ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ വിവിധ സമുദായ സംഘടനകള്‍ നടത്തിയിട്ടുള്ള ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഉത്തരവില്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വനം റവന്യൂ വകുപ്പുകളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം.

സര്‍ക്കാര്‍ ഭൂമി സമുദായ സംഘടനകള്‍ കയ്യേറി കൈവശപ്പെടുത്തിയിട്ടുണ്ടാ എന്ന് പരിശോധിക്കണം. സമുദായ സംഘടനകള്‍ നടത്തിയ പല ഭുമി ഇടപാടുകളും സംശയാസ്പദമെന്നും കോടതി പറഞ്ഞു. ഭൂമി കൈയ്യേറിയതിന് ശേഷം പട്ടയം ഉണ്ടാക്കുന്ന രീതി ചിലര്‍ സ്വീകരിച്ചതായി സംശയിക്കുന്നുവെന്നും കോടതി പറഞ്ഞു.

സഭയുടെ കാക്കനാട് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഭുമിയുടെ മുന്നാധാരം ഉള്‍പ്പെടെയുള്ള ചില രേഖകള്‍ കാണാനില്ലെന്നും, ഉടമസ്ഥാവകാശം സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് എല്ലാ സമുദായ സംഘടനകളുടെയും ഭുമി ഇടപാടുകള്‍ അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News