സിയാല്‍ ശൈത്യകാല സമയപ്പട്ടിക: പ്രതിവാരം 1202 സര്‍വീസുകള്‍

* ബാംഗ്ലൂരിലേക്ക് ആഴ്ചയില്‍ 102 പുറപ്പെടലുകള്‍
* ഗള്‍ഫ്, ക്വാലാലംപൂര്‍, ബാങ്കോക്ക് കൂടുതല്‍ സര്‍വീസുകള്‍
*ലണ്ടന്‍ സര്‍വീസിന് മാറ്റമില്ല

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകള്‍ക്കായുള്ള ശൈത്യകാല സമയ പട്ടിക പ്രഖ്യാപിച്ചു. 2022 ഒക്ടോബര്‍ 30 മുതല്‍ 2023 മാര്‍ച്ച് 25 വരെയാണ് കാലാവധി. സിയാലിന്റെ ശൈത്യകാല സമയ പട്ടികയില്‍ പ്രതിവാരം 1202 സര്‍വീവുകള്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവിലുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ ഇത് 1160 ആയിരുന്നു.

കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍നിന്നുമുള്ള ശക്തമായ തിരിച്ചുവരവാണ് സിയാല്‍ ശൈത്യകാല സമയപട്ടിക സൂചിപ്പിക്കുന്നത് .
ശൈത്യകാല സമയപട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍ നിന്നും 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസുകള്‍ നടത്തും. ഇതില്‍ 20 എണ്ണം വിദേശ എയര്‍ലൈനുകള്‍ ആണ്. രാജ്യാന്തര സെക്ടറില്‍ 44 സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സും ആഭ്യന്തര സെക്ടറില്‍ 42 സര്‍വീസുമായി ഇന്‍ഡിഗോയും ആണ് മുന്നില്‍. എയര്‍ അറേബ്യ-14, എയര്‍ അറേബ്യ അബുദാബി-7, എയര്‍ ഇന്ത്യ-10, എയര്‍ ഏഷ്യ ബെര്‍ഹാദ്-17, എമിറേറ്റ്സ് എയര്‍-14, ഇത്തിഹാദ് എയര്‍-7, ഫ്ളൈ ദുബായ്-3, ഗള്‍ഫ് എയര്‍-7, ജസീറ എയര്‍-5, കുവൈറ്റ് എയര്‍ – 9, മലിന്‍ഡോ എയര്‍-7, മലേഷ്യന്‍ എയര്‍ലൈന്‍സ്-7, ഒമാന്‍ എയര്‍-14, ഖത്തര്‍ എയര്‍-11, സൗദി അറേബ്യന്‍-14, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്-14, സ്പൈസ്ജെറ്റ്-7, ശ്രീലങ്കന്‍-10, തായ് എയര്‍-5,എന്നിങ്ങനെ ആണ് പ്രമുഖ എയര്‍ലൈനുകളുടെ പ്രതിവാര പുറപ്പെടല്‍ സര്‍വീസുകള്‍. ദുബായിലേക്ക് മാത്രം ആഴ്ചയില്‍ 44 പുറപ്പെടലുകള്‍ ഉണ്ടാകും. അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും 30 സര്‍വീസുകളുണ്ട് . ക്വലാലംപൂരിലേക്ക് മാത്രം പ്രതിവാരം 25 സര്‍വീസുകളുണ്ട് . എയര്‍ ഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടന്‍ സര്‍വീസുകള്‍ തുടരും.

രാജ്യത്തെ 13 നഗരങ്ങളെ ബന്ധപെടുത്തിക്കൊണ്ട് ആഭ്യന്തര മേഖലയില്‍ 327 സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . ആഴ്ചയില്‍ ബാംഗ്ലൂരിലേക്ക് – 104 ,ഡല്‍ഹിയിലേക്ക് -56,മുംബൈയിലേക്ക് -42, ഹൈദരാബാദിലേക്ക്- 24, ചെന്നൈയിലേക്ക്- 52 പുറപ്പെടല്‍ സര്‍വീസുകള്‍ ഉണ്ടാവും.കൊല്‍ക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകള്‍ ഉണ്ടാകും. ഇന്‍ഡിഗോ- 163, എയര്‍ ഇന്ത്യ-28, എയര്‍ ഏഷ്യ-56, ആകാശ എയര്‍-28, അലയന്‍സ് എയര്‍-21, ഗോ എയര്‍ -14, സ്‌പൈസ്‌ജെറ്റ്-3, വിസ്താര- 14 എന്നിങ്ങനെയാണ് എയര്‍ലൈനുകളുടെ ആഭ്യന്തര പ്രതിവാര പുറപ്പെടല്‍ സര്‍വീസുകള്‍.

യാത്രക്കാരോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി എല്ലാ ദിശയിലേക്കും പരമാവധി സര്‍വീസുകള്‍ ഉള്‍പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. ‘ബഹു. ചെയര്‍മാന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിര്‍ദേശപ്രകാരം ഭാവിയില്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള കരട് രൂപരേഖ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ അന്താരാഷ്ട്ര എയര്‍ലൈനുകളെ കൊണ്ടുവരാനും പുതിയ റൂട്ടുകളിലേക്ക് സര്‍വീസുകള്‍ നടത്താനും കഴിയുമെന്നാണ് പ്രതീക്ഷ . നിര്‍മാണം പുരോഗമിക്കുന്ന ജനറല്‍ ഏവിയേഷന്‍ ടെര്‍മിനല്‍ ഈ വര്‍ഷം ഉത്ഘാടനം ചെയ്യും .”- സുഹാസ് കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലഘട്ടത്തില്‍ സുഗമമായ യാത്ര ഉറപ്പാക്കാന്‍ സിയാല്‍ നടപ്പിലാക്കിയ പദ്ധതികള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 92.66 ശതമാനവും എയര്‍ ട്രാഫിക് 60.06 ശതമാനവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച രേഖപ്പെടുത്തി. അന്താരാഷ്ട്ര ട്രാഫിക്കില്‍ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാല്‍ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News