ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ഒരു വലിയ ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുകയാണ്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനമാണിത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏറ്റെടുത്ത് നടത്തി വരികയാണ്. ഒന്നാംഘട്ട ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് സമാപിക്കുകയാണ്.

ഇതൊരു തുടര്‍ പ്രക്രിയയാണ് സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ(Anti drug campaign) അതിതീവ്രമായ പോരാട്ടം തന്നെ നടത്തേണ്ടിയിരിക്കുന്നു.നവംബര്‍ 1 ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ശൃംഖലകള്‍ തീര്‍ക്കുകയാണ്.അതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും. നവംബര്‍ 1 ന് ഉച്ചയ്ക്ക് ശേഷം 3.00 മണി മുതലുള്ള പരിപാടിയില്‍ ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യന്‍കാളി സ്‌ക്വയര്‍ വരെ വിദ്യാര്‍ത്ഥികള്‍ അണി നിരക്കുന്ന ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും.

പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. പ്രതീകാത്മകമായി ലഹരി ഉല്‍പന്നങ്ങള്‍ കത്തിക്കും. ഏതാണ്ട് 25,000 ത്തോളം വിദ്യാര്‍ത്ഥികള്‍ തലസ്ഥാനത്ത് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ പങ്കെടുക്കും. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തുന്നത്.ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍പ്രക്രിയ എന്ന നിലയില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. സ്‌കൂള്‍ പാര്‍ലമെന്റുകള്‍ കൃത്യമായി ചേരണം. സ്‌കൂള്‍ പാര്‍ലമെന്റില്‍ ലഹരി വിരുദ്ധ സംബന്ധിയായ നടപടികളില്‍ വിലയിരുത്തല്‍ ഉണ്ടാകണം.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പി.റ്റി.എ. സജീവമായി ഇടപെടണം. ഒരു വിദ്യാലയത്തില്‍ ഒരു അധ്യാപകന്‍ / അധ്യാപികയെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തണം. എന്‍.എസ്.എസ്. / എസ്.പി.സി./റെഡ്‌ക്രോസ്/എന്‍.സി.സി./സ്‌കൗട്ട്‌സ്& ഗൈഡ്‌സ് തുടങ്ങിയ സന്നദ്ധ സേവന സംഘടനകള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ തുടര്‍ നടപടികള്‍ സ്വീകരിക്കണം.ലഹരി വിപണനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട നമ്പരുകളില്‍ അറിയിക്കണം. ഇക്കാര്യങ്ങളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ആരും ഭയപ്പെടേണ്ടതില്ല. പരാതിയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കും. എല്ലാ സ്‌കൂളുകളിലും ലഹരി വസ്തുക്കള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാനുള്ള നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം.

9 0 6 1 1 7 8 0 0 0

9 4 4 7 1 7 8 0 0 0

9 9 9 5 9 6 6 6 6 6

ഈ നമ്പരുകളാണ് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്.

വിമുക്തിയുടെ സൗജന്യ കൗണ്‍സലിംഗ് സേവനത്തിനായി ടോള്‍ ഫ്രീ നമ്പരായ 1 4 4 0 5 ഉം പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും പോസ്റ്ററുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് റൂമുകളില്‍ ലഹരി വിരുദ്ധ കലണ്ടര്‍ പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അത് ഇനിയും തുടരും. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങളുടെ എല്ലാവിധ പിന്തുണയും അഭ്യര്‍ത്ഥിക്കുന്നു.

തൊഴില്‍ വകുപ്പിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍

തൊഴിലാളികള്‍ക്കിടയില്‍ വിപുലമായ പ്രചാരണ ബോധവത്കരണ പരിപാടികളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്തുടനീളം അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ ‘കവച്’ എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍, മലപ്പുറം, എറണാകുളം തിരുവനന്തപുരം ജില്ലകളില്‍ അതിഥിത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവത്കരണ വിളംബര ജാഥകളും മഹാസംഗമവും നടത്തുന്നതിന് തീരുമാനിച്ചിരുന്നു. കണ്ണൂരിലും മലപ്പുറത്തും ഇതിനോടകം മഹാസംഗമം നടന്നു കഴിഞ്ഞു. എറണാകുളത്ത് നാളെ നടക്കും. എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലെയും പ്രധാന ഇടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. വിളംബര ജാഥകള്‍, ബോധവത്കരണ ക്ലാസുകള്‍, സൈക്കിള്‍ റാലികള്‍, ഫ്‌ളാഷ് മോബ്, തെരുവു നാടകങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ജാഗ്രതാ ദീപം തെളിയിക്കല്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചു.

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി . ഉദ്യോഗസ്ഥര്‍ നേരിട്ട് ക്യാമ്പിലെത്തി ലഹരി ഉപയോഗ, വ്യാപന സാധ്യതകള്‍ വിലയിരുത്തുകയും ലഹരിവിമുക്തിക്കായി സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുകയും ചെയ്യും.

ശുഭസൂചകമായ പ്രതികരണങ്ങളാണ് കവചിന് തൊഴിലാളികളില്‍ നിന്ന് ലഭിക്കുന്നത്. എക്‌സൈസ്, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് തൊഴില്‍ വകുപ്പ് ‘കവച്’ പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഒക്ടോബര്‍ 29 ന് തിരുവനന്തപുരത്ത് കവചിന്റെ ഭാഗമായി ലഹരിവിരുദ്ധ മഹാസംഗമം നടക്കും . ക്ഷേമനിധിബോര്‍ഡുകളുടെ നേതൃത്വത്തിലും വിപുലമായ ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News