Mohanlal: വീണ്ടുമൊരു ഡബിള്‍ ടു ഡബിള്‍ ഫൈവ്; ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂം സൗകര്യങ്ങളുമായി ലാലേട്ടന്റെ കാരവാന്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ മോഹന്‍ലാല്‍(Mohanlal) പുതിയ കാരവാന്‍ വാങ്ങിയ വിവരം പുറത്തുവന്നത്. പിന്നാലെ വാഹനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍(Social media) ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ കാരവാന്റെ(Caravan) വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമായ വാഹനത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും മനോഹാരിത വീഡിയോയില്‍ ദൃശ്യമാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന വലിയ ടിവി, ഫ്രിഡ്ജ്, വാഷ് റൂം,മേക്കപ്പ് റൂം, ലിവിങ് റൂം അടക്കമുള്ള വന്‍ സംവിധാനങ്ങളാണ് കാരവാനില്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാന്‍ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെയും രചയിതാവ്. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. ‘എലോണ്‍, ‘റാം’, എന്നിവയാണ് മോഹന്‍ലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച റാമിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here