Uber: വൈകിയെത്തിയതിന് ഊബറിന് പിഴയിട്ട് കോടതി

വൈകിയതിന് ഊബറിന്(Uber) 20000 രൂപ പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി(Court). കാബ് സര്‍വീസ് വൈകിയതിനെ തുടര്‍ന്ന് കൃത്യ സമയത്ത് എത്താനാവാതെ വിമാനയാത്ര നഷ്ടമായെന്ന പരാതിയിലാണ് നടപടി. മാനസിക സമ്മര്‍ദം ഉണ്ടാക്കിയതിന് 10000 രൂപയും വ്യവഹാര ചെലവായി 10000 രൂപയും യാത്രക്കാരിയായ കവിതാ ശര്‍മ്മക്ക് നല്കണമെന്നാണ് ഉത്തരവ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഡോംബിവ്ലിയില്‍ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ഇവര്‍ 2018 ജൂണ്‍ 12-ന് വൈകുന്നേരം 05.50 ന് ഷെഡ്യൂള്‍ ചെയ്ത വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്നതായിരുന്നു വിമാനം. ഇവരുടെ വീട്ടില്‍ നിന്ന് 36 കിലോമീറ്ററ് അകലെയാണ് എയര്‍പോര്‍ട്ട്. ഉച്ച കഴിഞ്ഞ് 3.29 ഓടെയാണ് മുംബൈയിലെ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്താനായി ഊബര്‍ ടാക്‌സി ബുക്ക് ചെയ്തത്.

റൈഡ് ബുക്ക് ചെയ്ത് നിരവധി കോളുകള്‍ ചെയ്തിരുന്നുവെങ്കിലും 14 മിനിറ്റ് വൈകിയാണ് ഊബര്‍ കാബ് കവിതയെ പിക്ക് ചെയ്യാന്‍ എത്തിയത്. ഡ്രൈവര്‍ കോളിലായിരുന്നതിനാല്‍ വണ്ടിയെടുക്കാന്‍ പിന്നെയും വൈകി. പറഞ്ഞ സമയത്തിലും വൈകിയിട്ടും ഡ്രൈവര്‍ കാറിന് സിഎന്‍ജി വാങ്ങി സമയം പാഴാക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു. 20 മിനിറ്റോളം വൈകിയാണ് വണ്ടി എടുത്തത്. ആപ്പില്‍ എയര്‍പോര്‍ട്ടില്‍ എത്താനെടുക്കുന്ന സമയം കാണിച്ചത് അഞ്ചു മണി ആണ്.

എന്നാല്‍ കാബ് എത്തിയത് 5.23 ന് ആയിരുന്നു. ഇതോടെ ചെന്നൈക്കുള്ള വിമാനം മിസായി. യാത്ര വൈകിപ്പിച്ചത് കൂടാതെ 703 രൂപ ഊബര്‍ വാങ്ങുകയും ചെയ്തു. കാബ് ബുക്ക് ചെയ്യുമ്പോള്‍ കണക്കാക്കിയതിലും കൂടുതല്‍ തുകയായിരുന്നു ഇത്. ബുക്ക് ചെയ്തപ്പോള്‍ 563 രൂപ ആയിരുന്നു കാണിച്ചത്. ഇതിനെ കുറിച്ച് പരാതിപ്പെട്ട കവിതയ്ക്ക് ഊബര്‍ 139 രൂപയാണ് റീഫണ്ട് ചെയ്തു നല്‍കിയത്. കമ്പനിയ്ക്ക് ഇത് സംബന്ധിച്ച അയച്ച നോട്ടീസിന് മറുപടിയും നല്‍കിയില്ല.

അങ്ങനെയാണ് കവിത ഊബര്‍ ഇന്ത്യയ്ക്കെതിരെ താനെയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കിയത്. ഊബര്‍ ഉന്നയിച്ച അവകാശവാദങ്ങളെല്ലാം തള്ളിയ കോടതി കമ്പനിയ്ക്ക് 20000 രൂപ പിഴയുമിടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here