Mumbai:മുംബൈയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ അറസ്റ്റില്‍

ദക്ഷിണ മുംബൈയിലെ(Mumbai) വഴിയോരത്ത് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന 2 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ദമ്പതികളെയാണ് മുംബൈ പോലീസ് പിടി കൂടിയത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍, പ്രതികളായ 46 കാരനായ പുരുഷനെയും ഭാര്യയെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ക്യാമറയില്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു. കുഞ്ഞിനെ വില്‍ക്കാനായിരുന്നു ദമ്പതികള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

ഛത്രപതി ശിവാജി ടെര്‍മിനസ് മേഖലയിലെ സെന്റ് സേവ്യേഴ്സ് ഹൈസ്‌കൂള്‍ പരിസരത്തെ പൊതു ടോയ്ലറ്റിന് പുറത്തുള്ള ഫുട്പാത്തിലാണ് കുഞ്ഞും രണ്ട് സഹോദരിമാരും അമ്മയും താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പരിസരത്തുള്ളവരെ വിളിച്ചുണര്‍ത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അങ്ങിനെയാണ് ആസാദ് മൈതാന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഉള്‍പ്പെടെ മുംബൈ പോലീസിന്റെ നിരവധി യൂണിറ്റുകളെ കുഞ്ഞിനെ കണ്ടെത്താന്‍ നിയോഗിക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു, ഒരാള്‍ കുഞ്ഞിനെ എടുത്ത് നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ തെളിഞ്ഞത് വഴിത്തിരിവായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയായ മുഹമ്മദ് ഹനീഫിനെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ ഹനീഫ് കുറ്റം സമ്മതിച്ചു.കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടുകാര്‍ക്ക് കൈമാറി. പിന്നീട് ഹനീഫിന്റെ ഭാര്യ അഫ്രീന്റെ പങ്ക് പുറത്തായതോടെ അവരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News