ADVERTISEMENT
ഉത്തരമലബാറില്‍ ഇനി തെയ്യക്കാലമാണ്(Theyyam). കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍ തുലാം പത്തിന് നടക്കുന്ന ചടങ്ങുകളോടെയാണ് തെയ്യക്കാലം സജീവമാകുന്നത്. വിവിധ ഐതിഹ്യങ്ങളുമായി വ്യത്യസ്തമായ തെയ്യക്കോലങ്ങള്‍ ഇനി കാവുകളിലും തറവാട്ട് മുറ്റങ്ങളിലും ഉറഞ്ഞാടും. കേവലം ഭക്തിക്കുമപ്പുറം ആസ്വാദനത്തിന്റെ തലങ്ങളുമുണ്ട് തെയ്യത്തിന്.
ഇരുട്ടിന്റെ മറ നീക്കി ചൂട്ട് കറ്റകള്‍ തെളിയും…കാവിന്റെ വാതിലുകള്‍ തുറന്ന് വാളും പരിചയും പുറത്തേക്കേഴുന്നള്ളും…സന്ധ്യമയങ്ങുന്നതോടെ ചെണ്ടപ്പുറത്തെ കോല്‍ത്താളങ്ങള്‍ നാല് ദിക്കിലും തെയ്യത്തിന്റെ പുറപ്പാട് അറിയിക്കും..കാല്‍ ചിലമ്പ് കിലുക്കി,ദൈവവിളിയോടെ തെയ്യം പാഞ്ഞെത്തും…മുടിയേറ്റും…വെളിച്ചപ്പാടുറയും…കത്തിയെരിയുന്ന കുരുത്തോല മണക്കുന്ന കാവകങ്ങളിലേക്ക് നാടൊഴുകും…ഉത്തരമലബാറിന്റെ തെയ്യാട്ടക്കാലം തുലാം 10 മുതല്‍ സജീവമാവുകയാണ്. കാവുകളില്‍ നിന്ന് കാവുകളിലേക്ക് ഉറക്കമില്ലാതെ നാടൊഴുകുന്ന നാളുകളാണ് ആ ദേശത്തിനിനി…ആളോളം പൊക്കത്തില്‍ എരിഞ്ഞു കത്തുന്ന മേലേരികള്‍,കുത്തുവിളക്കിലെ അണയാത്ത തിരി നാളങ്ങള്‍…
വെളിച്ചത്തിന്റെ കൈപിടിച്ച് ഗുളികനും,ഘണ്ഡകര്‍ണ്ണനും, വീരനും, വീരാളിയും വിഷ്ണുമൂര്‍ത്തിയും, പുതിയഭഗവതിയും,കതിവനൂര്‍ വീരനും കണ്ടനാര്‍ കേളനും ചാമുണ്ഡിയുമെല്ലാം ഇളം തണുപ്പുള്ള രാത്രികളിലും പുലര്‍കാലങ്ങളും ചുവടുവെക്കും….ഭക്തിയുടെ പരിവേഷത്തിനുമപ്പുറം ത്രസിപ്പിക്കുന്ന കുറെ കഥകളുടെ പുനരാവിഷ്‌കാരങ്ങള്‍ കൂടിയാണ് തെയ്യങ്ങള്‍…സാധാരണക്കാരന്റെ ദൈവക്കരുവിലേക്കുള്ള പരകായ പ്രവേശത്തിന്റെ കഥകളാണ് ഓരോ തെയ്യവും…മണ്ണോട് ചേര്‍ന്ന് ജീവിച്ച,കാടറിഞ്ഞു വളര്‍ന്ന,പൊരുതി ജയിച്ച,ചതികളില്‍ മരിച്ചുവീണ തെയ്യങ്ങള്‍ മഞ്ഞള്‍കുറിയെറിഞ്ഞ് അനുഗ്രഹവുമായി വരുമ്പോള്‍ വടക്കന്‍ മലബാറിന്റെ സംസ്‌കാരം കൂടിയാണ് നിറമണിയുന്നത്….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.