ADVERTISEMENT
വിഴിഞ്ഞം സമരംക്രമസമാധാനം തകര്‍ക്കുന്നതാവരുതെന്ന് ഹൈകോടതി സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ഹൈക്കോടതി കടുത്ത മുന്നറിയിപ്പു നല്‍കി. സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേയ്ക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സമരക്കാരോട് വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പു നല്‍കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സമരക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി.
കഴിഞ്ഞ ദിവസം, സമരത്തിന്റെ നൂറം ദിനത്തോടനുബന്ധിച്ച് സമരക്കാര്‍ പ്രതിഷേധം ശക്തമാക്കുകയും ബോട്ടു കത്തിക്കുകയും ചെയ്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയുള്ള സമര നടപടികളിലേക്കും മത്സ്യത്തൊഴിലാളികള്‍ കടന്നു. സമരപ്പന്തല്‍ പൊളിച്ചു കളയാനുള്ള ഹൈക്കോടതിയുടെ നിര്‍ദേശം തള്ളിയ സമരക്കാര്‍ പന്തല്‍ നില്‍ക്കുന്നതു സ്വകാര്യ ഭൂമിയിലാണെന്നും അതു പൊളിക്കാനാവില്ലെന്നും നിലപാടെടുത്തു. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
തുറമുഖ നിര്‍മാണത്തിനു പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സുമാണ് കോടതിയെ സമീപിച്ചത്. വിഴിഞ്ഞം തുറമുഖം നിര്‍മിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം തേടി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.