
കാമറൂണ്‍ ഫുട്‌ബോള്‍ ടീമിന്റെ സൂപ്പര്‍ ഫാനാണ് എന്‍ഗാന്‍ഡോ പിക്കറ്റ്(Ngando Pickett). കഴിഞ്ഞ 4 പതിറ്റാണ്ടിലേറെക്കാലമായി പിക്കറ്റ് ഈ സപര്യ ആരംഭിച്ചിട്ട്. എന്‍ഗാന്‍ഡോ പിക്കറ്റിന് വയസ് 68 കഴിഞ്ഞു. പക്ഷെ ഫുട്‌ബോള്‍ ആവേശത്തിന് ഒരു കുറവും ഇല്ല. സ്വന്തം രാജ്യം കളിക്കുന്ന വേദികളിലെല്ലാം ശരീരത്തില്‍ ചായം പൂശി, നൃത്തച്ചുവടുകളുമായി ഈ സൂപ്പര്‍ ഫാന്‍ ഉണ്ടാകും. ആഫ്രിക്കന്‍ പ്ലേ ഓഫില്‍ അള്‍ജീരിയയെ തോല്‍പിച്ച് കാമറൂണ്‍ ലോകകപ്പ് ബര്‍ത്ത് സ്വന്തമാക്കിയപ്പോള്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രം എന്‍ഗാന്‍ഡോ പിക്കറ്റായിരുന്നു.
കാമറൂണിലെ ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം നെഞ്ചേറ്റുന്ന പിക്കറ്റ് ടീമംഗങ്ങള്‍ക്കും ഏറെ പ്രിയങ്കരനാണ്. പിക്കറ്റിന്റെ സാന്നിധ്യം കാമറൂണ്‍ ടീമിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് ടീമംഗങ്ങളുടെയും വിശ്വാസം.അതുല്യനായ ആരാധകനെന്നാണ് ഇതിഹാസ താരം സാമുവല്‍ എറ്റു എന്‍ഗാന്‍ഡോ പിക്കറ്റിനെ വിശേഷിപ്പിക്കുന്നത്. കാമറൂണിന്റെ കടല്‍ത്തീരമേഖലയായ ഡൌലയില്‍ ജനിച്ച ഹെന്റി മൌയെബെയാണ് പിന്നീട് ആരാധകരുടെ സൂപ്പര്‍ ഫാനായ എന്‍ഗാന്‍ഡോ പിക്കറ്റ് ആയി മാറിയത്.
1960 കളിലും 1970 കളിലും പ്രശസ്തനായ അമേരിക്കന്‍ കലാകാരനായ വില്‍സണ്‍ പിക്കറ്റിന്റെ പേരാണ് ആരാധകര്‍ ഇദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്. സാമുവല്‍ എറ്റുവിനെ ഏറെ ഇഷ്ടമെങ്കിലും റോജര്‍ മില്ലയാണ് എന്‍ഗാന്‍ഡോ പിക്കറ്റിന്റെ റോള്‍ മോഡല്‍. ഇതുവരെ 18 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ടൂര്‍ണമെന്റുകളിലും അര ഡസനിലധികം ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളിലും സൂപ്പര്‍ ഫാനായെത്തിയിട്ടുള്ള എന്‍ഗാന്‍ഡോ പിക്കറ്റ് ഖത്തര്‍ ലോകകപ്പില്‍ ടീമിനെ ആവേശഭരിതമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here