സംരംഭക വർഷം; സംസ്ഥാനത്ത് 7 മാസം കൊണ്ട് 75000 സംരംഭങ്ങൾ, മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളുടെ എണ്ണം 75000 ആയി. 200 ദിവസത്തിനുള്ളിലാണ് ഇത്രയും സംരംഭങ്ങൾ കേരളത്തിൽ പുതുതായി രജിസ്റ്റർ ചെയ്തത്. ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 165301 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടുവെന്നും വ്യവസായിക മന്ത്രി പി രാജീവ് പറഞ്ഞു.

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനായിരുന്നു സർക്കാരിൻ്റെ ലക്ഷ്യമെങ്കിലും അതിവേഗത്തിൽ ഈ ലക്ഷ്യം മറികടക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.
പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതിൽ മുന്നിൽ നിൽക്കുന്നത് മലപ്പുറം, എറണാകുളം, കൊല്ലം, തൃശ്ശൂർ ജില്ലകളാണ്. ഈ ജില്ലകളിൽ ഓരോന്നിലും ഏഴായിരത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അയ്യായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തൃശ്ശൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെല്ലാം തന്നെ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർഗോഡ് ജില്ലകളിലായി പതിമൂന്നായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു മന്ത്രി വ്യക്തമാക്കി.

അതേസമയം, കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിൽ 12700 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1450 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 45705 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 8849 സംരംഭങ്ങളും 421 കോടി രൂപയുടെ നിക്ഷേപവും 18764 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മേഖലയിൽ 3246 സംരംഭങ്ങളും 195 കോടി രൂപയുടെ നിക്ഷേപവും 6064 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 5731 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 359 കോടി രൂപയുടെ നിക്ഷേപവും 13331 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 24687 സംരംഭങ്ങളും 1450 കോടിയുടെ നിക്ഷേപവും 45705 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.

പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലൈസൻസ്/ലോൺ/സബ്സിഡി മേളകളിൽ വലിയ പങ്കാളിത്തമാണുണ്ടായത്. നാല് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്ന പത്ത് ലക്ഷം രൂപ വരെയുള്ള വായ്പ സംരംഭകർക്ക് വലിയ സഹായമായി. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകർക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഇതിലൂടെ വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 25000 സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

3 മുതൽ 4 ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കുവാൻ ലക്ഷ്യമിടുന്ന ഈ ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. തുടർന്ന് സംരംഭക വർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാകുന്നതാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ട്. കേവലം 200 ദിവസം കൊണ്ട് 75000 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചത് കേരളത്തിൻ്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News