എല്ലാ KSRTC ഡിപ്പോകളിലും മൂന്ന് മാസത്തിനകം ബയോമെട്രിക് പഞ്ചിം​ഗ് സംവിധാനം നടപ്പിലാക്കും; മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിയില്‍ ബയോമെട്രിക് പഞ്ചിം​ഗ് സംവിധാനം മൂന്ന് മാസത്തിനകം എല്ലാ ഡിപ്പോകളിലും നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ചീഫ് ഓഫീസില്‍ നവംബര്‍ ഒന്നിന് ബയോമെട്രിക് പഞ്ചിം​ഗ് നിലവില്‍ വരും. കെഎസ്ആര്‍ടിസിയില്‍ ജനപ്രതിനിധികള്‍ക്ക് ഫ്രീ പാസ് വേണ്ടന്ന ഹൈക്കോടതി പരാമര്‍ശം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കെഎസ്ആർടിസിയുടെ എല്ലായൂണിറ്റുകളിലും പഞ്ചിം​ഗ് മെഷീൻ സ്ഥാപിക്കുന്നതിന്റെ ഭാ​ഗമായി കേരള പിറവി ദിനമായ നവംബർ 1 മുതൽ നടപ്പാക്കുന്നതാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം. എല്ലാ യൂണിറ്റുകളിലുമായി 2.27 കോടി രൂപ ചിലവാക്കിയാണ് 500 ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം സ്ഥാപിക്കുന്നത്. ഇത് ഉപയോ​ഗിച്ച് സംസ്ഥാനത്തെ മറ്റ് യൂണിറ്റുകളിൽ താൽക്കാലികമായി ജോലിക്ക് പോകുന്ന ജീവനക്കാർക്ക് ഏത് ഓഫീസിൽ നിന്നും ജീവനക്കാർക്ക് പഞ്ച് ചെയ്യാനാകും.

അതേസമയം, അടുത്ത ഘട്ടമെന്ന നിലയിൽ പാറശ്ശാല, പൂവ്വാർ, വിഴിഞ്ഞം, കാട്ടാക്കട, നെടുമങ്ങാട്, ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര എന്നീ യൂണിറ്റുകളിൽ ഈ പഞ്ചിം​​ഗ് സിസ്റ്റം സ്ഥാപിക്കും. കൂടാതെ ഈ സിറ്റത്തെ എൻ.ഐ.സിയുമായി യോജിപ്പിച്ച് ജി- സ്പാർക്ക് ശമ്പള ബില്ലുകളും പ്രോസസ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആർടിസിയെ സംബന്ധിച്ച് അഭിമാനകരമായ പദ്ധതികൾക്കാണ് തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.
ജീവനക്കാരിൽ നിന്നും മികച്ച സഹകരണമാണ് ഇപ്പോൾ സർക്കാരിന് ലഭിക്കുന്നത്. കഴി‍ഞ്ഞ ഒരു വർഷക്കാലം വാർത്ത സൃഷ്ടിച്ച സ്ഥാപനമാണ് കെഎസ്ആർടിസി. അതിനുള്ള പ്രധാന കാരണം ജനങ്ങളും മാധ്യമങ്ങളും കെഎസ്ആർടിസിയെ നെഞ്ചോട് ചേർത്തത് കൊണ്ടാണ്. ലാഭം മാത്രമല്ല കെഎസ്ആർടിസിയുടെ ലക്ഷ്യം, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തിൽ നിന്നായാൽ അത്രയും നല്ലതെന്നും മന്ത്രി പറഞ്ഞു.

പ്രതിദിന കളക്ഷൻ റെക്കോർഡിൽ എത്തിച്ച യൂണിറ്റുകൾക്കും ജീവനക്കാക്കും കെഎസ്ആർടിസി ക്യാഷ് അവാർഡുകളും പ്രശസ്തി പത്രവും നൽകി മന്ത്രി ആന്റണി രാജു ആദരിച്ചു. 2022 സെപ്തംബർ 12 ന് 3941 ബസുകൾ ഉപയോ​ഗിച്ച് പ്രതിദിന വരുമാനം 8.40 കോടി രൂപ എന്ന ചരിത്രം നേട്ടം കൈവരിക്കുന്നതിന് പങ്കാളികളായ ജീവനക്കാർക്കും യൂണിറ്റുകൾക്കുമാണ് ക്യാഷ് അവാർഡ് നൽകിയത്.

സംസ്ഥാന തലത്തിൽ നിശ്ചയിച്ച തുകയേക്കാൽ ഏറ്റവും ഉയർന്ന വർദ്ധനവ് നേടിയ കോഴിക്കോട് യൂണിറ്റിന് ഒരു ലക്ഷം രൂപയും, സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിന് 1 ലക്ഷം രൂപയും, സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന ഇ.പി.കെ.എം നേടിയ വെള്ളറട യൂണിറ്റിന് 1 ലക്ഷം രൂപയും, നിശ്ചിത ടാർജറ്റിന് മുകളിൽ വരുമാനം നേടിയ മറ്റ് 34 യൂണിറ്റുകൾക്ക് 25,000 രൂപ വീതവുമാണ് അവാർഡായി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News