
തമിഴ്നാട്(tamilnadu) ചെങ്കൽപ്പേട്ടിൽ നിന്ന് ആഭിചാരക്രിയ നടന്നതായി സംശയം ഉളവാക്കുന്ന വിവരങ്ങൾ പുറത്ത്. സെമിത്തേരിയില്‍ മറവുചെയ്ത പത്ത് വയസുകാരിയുടെ മൃതദേഹം മാന്തിയെടുത്ത് തല വെട്ടിയെടുത്തതായി പൊലീസ്(police). ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയിൽപ്പെട്ടാണ് പത്ത് വയസുകാരിയായ കൃതിക മരണപ്പട്ടത്. ഈ കുട്ടിയുടെ മൃതദേഹത്തിന്‍റെ തലയാണ് അജ്ഞാതർ കുഴിമാടത്തിൽ നിന്ന് കടത്തിയത്. ആഭിചാരക്രിയകൾക്കായാണ് ഇതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഒക്ടോബര്‍ 14നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അതിനടിയിൽപ്പെട്ട് കൃതിക മരണപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ചെങ്കല്‍പേട്ടിലെ ചിത്രവാദി ശ്മശാനത്തിൽ പെണ്‍കുട്ടിയെ മറവും ചെയ്തു. കഴിഞ്ഞ സൂര്യഗ്രഹണ ദിവസമാണ് ശവക്കുഴിമാന്തി മൃതദേഹത്തിന്‍റെ തല വെട്ടിയെടുത്ത് കടത്തിക്കൊണ്ട് പോയത്.
സൂര്യഗ്രഹണ ദിവസം ആഭിചാരക്രിയകൾ ചെയ്താൽ ഫലമേറും എന്ന അന്ധവിശ്വാസത്തിലാണ് ഈ ഹീനമായ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. രണ്ട് ദിവസം മുമ്പ് കുഴിമാടത്തിന് സമീപം പൂജകൾ നടന്നതിന്‍റെ ലക്ഷണം കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയങ്ങള്‍ തോന്നിയത്. കുഴിമാടത്തിലെ മണ്ണ് ഇളകിയും കിടക്കുകയായിരുന്നു.
വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കി. ആർഡിഒയും പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി കുഴിമാടം തുറന്നുനോക്കിയപ്പോഴാണ് തല നഷ്ടപ്പെട്ട വിവരം അറിയുന്നത്. സീതാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തും സമീപ ജില്ലകളിലും ദുർമന്ത്രവാദം നടത്തുന്നവവരെന്ന് സംശയമുള്ളവരെ കേന്ദ്രീകരിച്ചും ഫോൺ കോളുകൾ പിന്തുടർന്നുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here