തിരിച്ചുവരവിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; മുംബൈ സിറ്റി എഫ്സി എതിരാളി; മത്സരം ഉടൻ

ഹോം ഗ്രൗണ്ടില്‍ തിരിച്ചുവരവിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ നാലാം മത്സരത്തിനിറങ്ങും.സീസണില്‍ ഇതുവരെ ആരോടും തോറ്റിട്ടില്ലാത്ത മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം.

അതേസമയം, തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ മൂന്നു കളികളില്‍ ഒരു ജയവും രണ്ടു സമനിലയുമടക്കം അപരാജിതരായിട്ടാണ് മുംബൈയുടെ വരവ്.

കഴിഞ്ഞ രണ്ടുകളിയിലും ആദ്യം ഗോളടിച്ച് ലീഡ് നേടിയശേഷം മത്സരം കളഞ്ഞുകുളിച്ചതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. മോഹന്‍ബഗാനെതിരേ അഞ്ച് ഗോളും ഒഡിഷക്കെതിരേ രണ്ട് ഗോളും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ വിള്ളലുകള്‍ ഏറെയുണ്ട്. എന്നാല്‍, ക്യാപ്റ്റന്‍ ജെസ്സെല്‍ കാര്‍നെയ്റോയും ഹര്‍മന്‍ജ്യോത് ഖബ്രയും ഹോര്‍മിപാമും ക്രൊയേഷ്യയുടെ മാര്‍ക്കോ ലെസ്‌കോവിച്ചും അടങ്ങിയ പ്രതിരോധത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല.

യുറുഗ്വായ് താരം അഡ്രിയാന്‍ ലൂണ പ്ലേമേക്കറായ മധ്യനിരയില്‍ യുവതാരങ്ങളായ ആയുഷ് അധികാരിക്കും ബ്രൈസ് മിറാന്‍ഡയ്ക്കും കോച്ച് ഇക്കുറി അവസരം നല്‍കിയേക്കും. പരിക്കു മാറി ആയുഷ് കളിക്കാന്‍ സജ്ജമായെന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പില്‍നിന്നുള്ള സൂചനകള്‍. രണ്ടു മത്സരത്തില്‍നിന്ന് മൂന്നു ഗോളടിച്ച യുക്രൈന്‍ താരം ഇവാന്‍ കലിയൂഷ്നിയുടെ ആവേശമാണ് മുന്നേറ്റനിരയില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷാകേന്ദ്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here