കേരളത്തിലും തരംഗം തീര്‍ത്ത് ‘കാന്താര’ | Kantara

മികച്ച പ്രേക്ഷക സ്വീകാര്യത നേടി കാന്താര തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം ദേശവ്യത്യാസമില്ലാതെയാണ് സിനിമാലോകം നെഞ്ചിലേറ്റുന്നത്.പ്രദർശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ സംവിധായകനും അഭിനേതാവുമായ റിഷഭ് ഷെട്ടിയെ അഭിനന്ദിച്ച് ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം രംഗത്ത് എത്തിയിട്ടുമുണ്ട്.

കന്നഡ സിനിമയ്ക്ക് അഭിമാനമാവുകയാണ് റിഷഭ് ഷെട്ടിയുടെ കാന്താര.റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണിത് .കന്നഡ പതിപ്പ് രാജ്യത്തുടനീളം റിലീസ് ചെയ്‍തിരുന്നു. കർണാടകത്തിൽ സൂപ്പർഹിറ്റ് ആയ ചിത്രം മറ്റു സംസ്ഥാനങ്ങളിലും പതിയെ പ്രേക്ഷകർക്കിടയിൽ സംസാരവിഷയമായതോടെ മൊഴിമാറ്റ പതിപ്പുകൾ പുറത്തിറക്കുകയായിരുന്നു നിർമ്മാതാക്കൾ.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളെല്ലാം പിന്നാലെയെത്തി.ചിത്രത്തിൻറെ മലയാളം പതിപ്പ് തിയറ്ററുകളിൽ എത്തിയത് ഒക്ടോബർ 20 ന് ആയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. വൻ പ്രേക്ഷകപ്രീതി നേടിയതോടെ രണ്ടാം വാരം സ്ക്രീൻ കൌണ്ട് വലിയ രീതിയിൽ വർധിപ്പിച്ചിരിക്കുകയാണ് കാന്താര.

ഒക്ടോബർ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തിൽ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളിൽ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാൾ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ 208 സ്ക്രീനുകളിലാണ് കാന്താര പ്രദർശിപ്പിക്കുന്നതെന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് അറിയിക്കുന്നു.

ആഗോള ബോക്സ് ഓഫീസിൽ ഇതിനകം 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട് റിഷഭ് ഷെട്ടി ചിത്രം. മൊഴിമാറ്റ പതിപ്പുകളും പ്രേക്ഷകപ്രീതിയിൽ മുന്നേറിയതോടെ ബോക്സ് ഓഫീസിലും ചിത്രം വരും വാരങ്ങളിൽ നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

മറുഭാഷകളിൽ നിന്ന് സമീപകാലത്ത് ഇറങ്ങിയ പല പാൻ ഇന്ത്യൻ ചിത്രങ്ങളും കേരളത്തിൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു. കെജിഎഫ് 2, വിക്രം എന്നിവ അക്കൂട്ടത്തിൽ പെടുന്നു. ആ നിരയിലേക്ക് കാന്താര ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ കരുതുന്നത്.19-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് കാന്താര കഥ പറയുന്നത്. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News