ADVERTISEMENT
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 500ൽപ്പരം കേസുകളിൽ പ്രതിയായ മോഷ്ടാവ് കാമാക്ഷി വലിയപറമ്പിൽ എന്ന ബിജു (കാമാക്ഷി എസ്‌ഐ- 46) വിനെ കട്ടപ്പന(kattappana) പൊലീസ് അറസ്റ്റ്(arrest) ചെയ്തു. തമിഴ്‌നാട്ടുകാരായ മോഷ്ടാക്കളെ എത്തിച്ച് ഹൈറേഞ്ചിൽ വൻ കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെ വെള്ളിയാഴ്ച കട്ടപ്പനയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കിയിലെ മുരിക്കാശേരി, തങ്കമണി, കട്ടപ്പന സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ച് ബുള്ളറ്റുകൾ ഇയാൾ മോഷ്ടിച്ചിരുന്നു. രണ്ട് ബുള്ളറ്റുകൾ വഴിയിൽ ഉപേക്ഷിക്കുകയും മറ്റുള്ളവ തമിഴ്‌നാട്ടിലെത്തിച്ച് വിൽപ്പന നടത്തിയതായും പൊലീസ് കണ്ടെത്തി. നൂറിലധികം സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പൊലീസിനെ ആക്രമിച്ച മൂന്ന് കേസുകളിലും പ്രതിയാണ്. കാമാക്ഷിയിലെ വീടിന്റെ പരിസരത്ത് പൊലീസും മറ്റുള്ളവരും എത്താതിരിക്കാൻ നായ്ക്കളെയും അഴിച്ചുവിട്ടിരുന്നു. വിവരം നൽകുന്നവരെ ഭീഷണിപ്പെടുത്തിരുന്നതിനാൽ ഇയാളെക്കുറിച്ച് പുറത്തുപറയാൻ ആളുകൾക്ക് ഭയമായിരുന്നു.
വിവിധ ജില്ലകളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. പല കേസുകളിലായി 15 വർഷത്തോളം ജയിലിലായിരുന്നു. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതാണ് രീതി.
അടുത്തിടെ ബിജു വാങ്ങിയ സ്ഥലത്തിന്റെ ബാക്കി പണം നൽകാനായി വൻ കവർച്ച ലക്ഷ്യമിട്ടിരുന്നു. ഇതിനായാണ് തമിഴ്‌നാട്ടിൽ നിന്നുള്ള മോഷ്ടാക്കളെ എത്തിച്ച് ഒപ്പം താമസിപ്പിച്ചിരുന്നത്. ബാങ്കുകൾ, ആരാധനാലയങ്ങൾ, പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ മോഷണത്തിനായിരുന്നു പദ്ധതി.
ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോൻ, തങ്കമണി സിഐ അജിത്ത്, എസ്‌ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, എഎസ്‌ഐ എസ് സുബൈർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.