ബ്രസീലിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രീപോള്‍ ഫലങ്ങൾ ലുല ഡ സില്‍വയ്ക്ക് അനുകൂലം, രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ബ്രസീലിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. ബോള്‍സനാരോയെ തോല്‍പിച്ച് ലുല ഡ സില്‍വ വിജയം നേടുമെന്ന് പ്രീപോള്‍ ഫലങ്ങള്‍. ഒക്ടോബര്‍ രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ലുല 48 ശതമാനവും ബോള്‍സനാരോ 43 ശതമാനവും വോട്ട് നേടിയിരുന്നു.

തീവ്രവലതുപക്ഷക്കാരനായ ജെയ്ര്‍ ബോള്‍സനാരോയും ഇടത് തൊ‍ഴിലാളിവര്‍ഗനേതാവായ ലുല ഡ സില്‍വയും തമ്മിലുള്ള മത്സരത്തിന്‍റെ ആവേശത്തിലും ആശങ്കയിലുമാണ് 21 കോടി മനുഷ്യര്‍ അംഗങ്ങളായ ബ്രസീലിയന്‍ ജനത. പ്രീപോള്‍ സര്‍വേ നല്‍കുന്ന ലീഡ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഭരണം നിലവില്‍ വലതുപക്ഷത്തിന്‍റെ കൈയിലാണെന്നതും പൊലീസ്, സൈനിക സന്നാഹങ്ങള്‍ ബോള്‍സനാരോയ്ക്ക് കീ‍ഴിലാണെന്നതും ലുല ക്യാമ്പിന് പകരുന്ന ആശങ്ക ചെറുതല്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വോട്ടെടുപ്പ് സംവിധാനത്തെ പ‍ഴിപറഞ്ഞും കോടതിയില്‍ കേസ് നല്‍കിയും സ്വയം രക്ഷപ്പെടാനുള്ള മുന്നൊരുക്കം ബോള്‍സനാരോയുടെ വലത് ക്യാമ്പ് നടത്തിയിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് നാളെ ബ്രസീലിയന്‍ സമയം അഞ്ച് മണിക്ക് പൂര്‍ത്തിയായാലും തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഡിസംബര്‍ 19 വരെ കലാപസാഹചര്യം തുടരുമോ എന്ന ആശങ്കയാണ് ബ്രസീലിയന്‍ ജനതയും പങ്കുവയ്ക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ലുല 48 ശതമാനവും ബോള്‍സനാരോ 43 ശതമാനവും വോട്ട് നേടിയിരുന്നു. ആര്‍ക്കും 50 ശതമാനം നേടാന്‍ ക‍ഴിയാഞ്ഞതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തിലേക്ക് കടന്ന പോളിംഗില്‍ ആറ് ശതമാനത്തോളം വോട്ടുകളുടെ ലീഡ് ലുല നേടുമെന്നാണ് പ്രീപോള്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രസീലില്‍ ലുല വരണമെന്ന ആവശ്യം അന്താരാഷേ്ട്ര സമൂഹത്തിനിടയില്‍ ശക്തമായി തുടരുകയാണ്. വിവിധ അന്തര്‍ദേശീയ വലതുപക്ഷ മാധ്യമങ്ങള്‍ പോലും ലുലയുടെ വിജയം കൊതിച്ച് മുഖപ്രസംഗങ്ങള്‍ എ‍ഴുതുകയാണ്. ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മ‍ഴക്കാടുകളും ട്രാന്‍സ്- സ്ത്രീപക്ഷ സമൂഹവും നിലനില്‍ക്കുന്നതിന് ലുലയുടെ വിജയം കൂടിയേ തീരൂ എന്നാണ് ലോകത്തിന്‍റെ ആവശ്യം. എന്നാല്‍, പരാജയം രുചിച്ചാല്‍ ബോള്‍സനാരോപ്പട ഏത് രൂപത്തില്‍ തെരുവിനോട് വൈരാഗ്യം തീര്‍ക്കുമെന്ന ആശങ്ക ബ്രസീലിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News