മൂന്ന് വർഷം തടവ്; തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം പ്രാബല്യത്തില്‍

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം നിലവില്‍ വന്നു. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി ഒപ്പുവച്ചു. സെപ്റ്റംബര്‍ 26ന് മന്ത്രിസഭ പാസാക്കിയ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം.

ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്‌നാട്ടില്‍ നിയമവിരുദ്ധമായി. ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും.

ഇനി മുതല്‍ ഓണ്‍ലൈനില്‍ ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് ഗേറ്റ് വേകളും ഓണ്‍ലൈന്‍ ചൂതാട്ട, ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിര്‍ദേശമുണ്ട്.

ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങള്‍ക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലേറെപ്പേര്‍ തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തെപ്പറ്റി ആലോചിച്ചത്.

തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ബില്ലുകളിന്മേല്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മാസങ്ങളായി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഈ ബില്ലില്‍ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ടങ്ങള്‍ക്കെതിരെ പുതിയ നിയമം കൊണ്ടുവരാനായി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതിയാണ് ചട്ടക്കൂട് തയാറാക്കിയത്.

ജൂണ്‍ 27ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കരട് ഓര്‍ഡിനന്‍സ് തയാറാക്കിയിരുന്നു. നിയമവകുപ്പിന്റെ ഉപദേശം കൂടി പരിഗണിച്ച് പരിഷ്‌കരിച്ച ഓര്‍ഡിനന്‍സ് സെപ്റ്റംബര്‍ 26ന് മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here